പത്തനംതിട്ട : തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ട് അച്ഛന് ജീവൻ തിരിച്ചു കിട്ടുകയായിരുന്നുവെന്ന് തേക്കുതോട് കാട്ടാന ചവിട്ടി പരിക്കേറ്റ കുഞ്ഞുകുഞ്ഞിന്റെ മകൻ അനിൽ പറയുന്നു. രാവിലെ കുരുമുളക് പറിക്കാൻ പറമ്പിലെത്തിയതാണ് ഞാൻ. വീടിന് അഞ്ഞൂറ് മീറ്റർ മാറിയാണ് സ്ഥലം. അച്ഛൻ എനിക്ക് രാവിലെ കാപ്പിയുമായി എത്തിയതാണ്. ഞാൻ മുളക് പറിക്കാൻ മരത്തിന് മുകളിൽ കയറിയിരിക്കുമ്പോഴാണ് അച്ഛൻ വരുന്നത്. രണ്ട് ആനകൾ അച്ഛനടുത്തേക്ക് പാഞ്ഞടുക്കുന്നതാണ് കണ്ടത്. ആന വരുന്നേയെന്ന് അലറിയെങ്കിലും പ്രായമായ അച്ഛന് ഓടി മാറാൻ കഴിഞ്ഞില്ല. ആന മുൻ കാല് കൊണ്ട് ചവിട്ടിയപ്പോഴേക്കും അച്ഛൻ താഴെ വീണു. നിറയെ പൊടി പറന്നതിനാൽ ആന പിന്നിലേക്ക് മാറി. പിന്നെ ചുറ്റിലും നടന്ന് നോക്കിയെങ്കിലും പൊടിയായതിനാൽ ആന കണ്ടില്ല. പിന്നീട് അച്ഛനെയും കൊണ്ട് ആശുപത്രിയിലെത്തുകയായിരുന്നു.

ഇത് പറയുമ്പോഴും അനിലിന്റെ ഭീതി ഒഴിയുന്നില്ല.

കഴിഞ്ഞ ദിവസം കുട്ടിയാന കിണറ്റിൽ വീണപ്പോൾ രാത്രി കാട്ടാനകൾ കൂട്ടമായി എത്തിയിരുന്നു. അവർ കുട്ടിയാനയേയും കൊണ്ടാണ് മടങ്ങിയത്. ഇന്നലെ രാവിലെ വീണ്ടും എത്തുകയായിരുന്നു. ഫോറസ്റ്റ്കാർ സംഭവത്തിന് ശേഷമാണ് എത്തിയത്. ഇവരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നത്. പലപ്പോഴും ആവശ്യ സമയത്ത് ഇടപെടാനോ നഷ്ടപരിഹാരം തരാനോ ഫോറസ്റ്റ്കാർ ഇടപെടാറില്ല. ഞങ്ങൾ കുറച്ച് സാധാരണക്കാർ അതിനടുത്തുണ്ടെന്ന് ആരും അന്വേഷിക്കുന്നില്ല. ദിവസവും ഭീതിയോടെയാണ് കഴിയുന്നത്. പുലിയും കരടിയും പന്നിയും നാട്ടിലിറങ്ങുന്നുണ്ട്. കുഞ്ഞുകുട്ടികൾ അടക്കം താമസിക്കുന്ന സ്ഥലത്ത് എങ്ങനെ സമാധാനത്തോടെ കഴിയും.