പത്തനംതിട്ട : കാടിറങ്ങുന്ന കാട്ടാനകളടക്കമുള്ള വന്യജീവികൾ നാടിന് ഭീഷണിയാകുകയാണ്.പുലിയും കരടിയും മറ്റ് ജീവികളുമെല്ലാം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണിപ്പോൾ.പകലും രാത്രിയും പേടിയോടെയാണ് തേക്കുതോട്,തണ്ണിത്തോട്,സീതത്തോട് നിവാസികൾ കഴിയുന്നത്. കഴിഞ്ഞയാഴ്ച മണ്ണീറയിൽ അമ്പത്തിരണ്ട്കാരനായ രാജൻകുട്ടിയെ കരടി ആക്രമിച്ചിരുന്നു.ചക്കയിടാനായി പറമ്പിൽ പോയപ്പോഴായിരുന്നു ആക്രമണം.സ്വന്തം വീട്ടിൽ പോലും സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്.പുലി പിടിച്ചും കാട്ടാന ആക്രമിച്ചും നിരവധി പേർ ഇവിടെ മരിച്ചിട്ടുണ്ട്.കുഞ്ഞുകുട്ടികളും ഗർഭിണികളുമടക്കം താമസിക്കുന്ന പ്രദേശമാണിത്.ഇന്നലെ വീണ്ടും എഴുപത്തിരണ്ട്കാരനായ കുഞ്ഞുകുഞ്ഞിനും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു.വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്നറിയാൻ നായകളെ വളർത്തിയാലും രക്ഷയില്ല.ഇവയെ എല്ലാം പുലി പിടിക്കുകയും ചെയ്യും.തേക്കുതോട് കഴിഞ്ഞ ദിവസം കാട്ടാന അക്രമിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകൾ നശിപ്പിച്ചിരുന്നു.ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച വീടുകളടക്കം ഇതിലുണ്ട്.വനം വകുപ്പ് അധികൃതർ ഇവർക്ക് ജീവിക്കാനാവശ്യമായ ഒരു പദ്ധതിയും തയാറാക്കുന്നില്ലെന്ന ആരോപണവും പ്രദേശവാസികൾക്കുണ്ട്.
-വന്യമൃഗങ്ങളെ എങ്ങനെ തടയാം------
-സോളാർ കിടങ്ങുകൾ സ്ഥാപിക്കാം. ദ്രവിച്ച് പോകാത്ത കമ്പിയും തൂണും ഉപയോഗിച്ച് കിടങ്ങുകൾ നിർമ്മിക്കണം.
-കാടിന്റെ അതിർത്തിയിൽ വലിയ മരങ്ങൾ അടുപ്പിച്ച് നടണം. നാരകം പോലെയുള്ള ചെറിയ മുള്ളുള്ള മരങ്ങൾ മൃഗങ്ങൾ തള്ളിയിട്ട് നശിപ്പിക്കില്ല.
-ചെക്ക് ഡാമുകൾ പോലെ ചെറിയ ജല സ്രോതസുകൾ, തടയണകൾ വനത്തിനുള്ളിൽ വനം വകുപ്പിന് സ്ഥാപിക്കാം
-വനശോഷണം സംഭവിക്കാതിരിക്കാൻ കൂടുതൽ വിത്തിനങ്ങൾ കാടിനുള്ളിൽ നട്ടു വളർത്താം.
-സ്ഥല അതിർത്തിയിൽ കൃഷി ചെയ്യുന്നത് ഒഴിവാക്കണം
മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് പ്രധാനകാരണം കാടിനുള്ളിലെ ജല സ്രോതസുകൾ ചൂടുകാലത്ത് വറ്റിവരളുന്നതാണ്.വെള്ളം ലഭിക്കാതെ വരുമ്പോൾ അത് കിട്ടുന്നിടത്തേക്ക് മാറും.ആനകൾക്ക് മരച്ചീനി പോലുള്ള കാർഷിക വിളകളോട് താൽപര്യമാണ്.ചക്ക,കൈതച്ചക്ക എന്നിവയുടെ മണം കിട്ടിയാൽ ആന നാട്ടിലേക്കിറങ്ങും.ഈറ്റക്കാട് പോലെയുള്ളവ ഇപ്പോൾ കാടുകളിൽ കുറവാണ്.ആനയ്ക്ക് ആവശ്യമായ ഭക്ഷണം കാടിനുള്ളിൽ ലഭിക്കാതെ വരുമ്പോഴാണ് അവ നാട് തേടി ഇറങ്ങുന്നത്.
(പരിസ്ഥിതി പ്രവർത്തകൻ)