5000 -ൽ അധികം ആളുകളുടെ പെൻഷനും ആനുകൂല്യങ്ങളും മുടങ്ങി

വിതരണം ചെയ്യേണ്ടത് 2.31കോടി

8 മാസമായി എക്സിക്യൂട്ടീവ് ഒാഫീസർ ഇല്ല

പത്തനംതിട്ട: നാടിന്റെ നട്ടെല്ലായ കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഒാഫീസിന് നാഥനില്ലാതായിട്ട് എട്ട് മാസമായി. ക്ഷേമനിധി ജില്ലാ ഒാഫീസിൽ സ്ഥിരം എക്സിക്യൂട്ടീവ് ഒാഫീസർ ഇല്ലാത്തത് കഴിഞ്ഞ വർഷം ജൂൺ മുതലാണ്. ക്ഷേമനിധിയുടെ ചെക്കുകൾ ഒപ്പിട്ട് നൽകേണ്ടത് എക്സിക്യൂട്ടീവ് ഒാഫീസറാണ്.

പെൻഷനും ആനുകൂല്യങ്ങളും വാങ്ങാൻ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും മലയോരത്ത് നിന്നും കിലോമീറ്ററുകൾ താണ്ടിയെത്തുന്ന കർഷക തൊഴിലാളികൾ എക്സിക്യൂട്ടീവ് ഒാഫീസർ ഇല്ലെന്ന കാരണത്താൽ വെറുംകയ്യോടെ മടങ്ങുകയാണ്. പ്രായാധിക്യത്തിന്റെ അവശതയും ദാരിദ്ര്യത്തിന്റെ ആകുലതയും അനുഭവിക്കുന്നവരാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ മടങ്ങുന്നത്.

ഒരു വർഷം അയ്യായിരത്തോളം ആളുകൾക്കാണ് ക്ഷേമനിധി വിതരണം ചെയ്യേണ്ടത്. എഴുപതിനായിരത്തോളം കർഷകത്തൊഴിലാളികൾ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2012 വരെയുളള പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ 2.31കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്.

സ്ഥിരമായുണ്ടായിരുന്ന എക്സിക്യൂട്ടീവ് ഒാഫീസർ കഴിഞ്ഞ വർഷം മെയ് 31ന് സ്ഥലം മാറി പോയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ വരെ കൊല്ലം ജില്ലയിലെ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് പത്തനംതിട്ടയുടെ ചാർജ്ജുണ്ടായിരുന്നു. ഇദ്ദേഹം മാസത്തിൽ നാലുദിവസമെങ്കിലും പത്തനംതിട്ടയിലെത്തി അടിയന്തര കാര്യങ്ങൾ നടത്തിപ്പോന്നതാണ്. നവംബർ മുതൽ ജില്ലയുടെ ചുമതല കോട്ടയം ജില്ല ഓഫീസർക്ക് നൽകിയെങ്കിലും ഉദ്യോഗസ്ഥൻ പത്തനംതിട്ടയിൽ എത്താറില്ല.

എക്സിക്യൂട്ടീവ് ഒാഫീസറുടെ ചുമതല

പെൻഷൻ, പ്രസവാനുകൂല്യങ്ങൾ, മരിച്ചവരുടെ ആശ്രിതർക്കുളള ആനുകൂല്യങ്ങൾ, ചികിത്സാ സഹായം, ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള സ്കോളർഷിപ്പ് എന്നിവ മുഖേനയുളള പണം വിതരണം ചെയ്യുക.

സ്ഥിരം ഒാഫീസറെ നിയമിക്കണം

പത്തനംതിട്ട ജില്ലയിൽ സ്ഥിരമായി ക്ഷേമനിധി എക്‌സിക്യൂട്ടീവ് ആഫീസറെ നിയമിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ഷേമനിധി ഒാഫീസിന് മുമ്പിൽ അനിശ്ചിതകാല സത്യഗ്രഹം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. അഖിലേഷ് എസ്. കാര്യാട്ട് പറഞ്ഞു. ജോസ് മുതിരക്കാല, അജോയ് ഫിലിപ്പ്, കൃഷ്ണകുമാർ, വല്ലാറ്റൂർ വാസുദേവൻ, മണ്ണിൽ രാഘവൻ, ലംബോധരൻ കോട്ട, മിനി വിനോദ്, രാഘവൻ, സുധീർ എന്നിവർ പ്രസംഗിച്ചു.