മാരാമൺ : ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ നെടുമ്പ്രയാർ വലിയ തോട് മാർത്തോമ്മാ മെത്രാപോലീത്താ ഡോ. ജോസഫ് മാർത്തോമ്മാ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശത്തെ തുടർന്ന് സുജലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം നടത്തിയത്.
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രധാന നെല്ലറയായ നെടുമ്പ്രയാർ പുഞ്ചയിലെ കൃഷിക്ക് ആവശ്യമായ ജലം ലഭിച്ചിരുന്നത് ഇവിടെ നിന്നാണ്. ഗ്രാമപഞ്ചായത്തിന്റെ 7,8,12 വാർഡുകളിൽ ഉൾപ്പെടുന്ന ഭാഗമാണിത്. ഇരപ്പൻ തോട് ഭാഗത്ത് നിന്ന് എത്തുന്ന ജലം വലിയ തോടിലൂടെ ഒഴുകി പമ്പാ നദിയിലാണ് എത്തുന്നത്.
പ്രളയത്തിൽ വലിയതോട്ടിൽ ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. ഇത് മൂലം നെൽകർഷകർ ഏറെ ബുദ്ധിമുട്ടി. ഒഴുക്ക് തടസ്സപ്പെട്ടതോടെ കൃഷിക്കാവശ്യമായ ജലം ഇവിടെ നിന്ന് ലഭിക്കാതായി. പ്രളയത്തിൽ ചെളിയുടെ അളവ് ക്രമാതീതമായി വർദ്ധിച്ച് തോടിന്റെ പല ഭാഗങ്ങളും നികന്നിരുന്നു. തോടിന്റെ പാലയ്ക്കാട് ചിറമുതൽ മാരാമൺ കൺവെൻഷൻ നഗറിന് സമീപത്തെ ചെപ്പള്ളിക്കടവ് വരെയുള്ള ഭാഗമാണ് യന്ത്രസാമഗ്രികളുടെ സഹായത്തോടെ പുനരുദ്ധരിച്ചത്. തോടിനിരുവശത്തെയും കാടുകൾ വെട്ടിതെളിച്ച് ചെളിയും, മാലിന്യങ്ങളും പൂർണ്ണമായും നീക്കംചെയ്താണ് നീരൊഴുക്ക് സുഗമമാക്കിയത് .
തിരുവല്ല - കുമ്പഴ സംസ്ഥാനപാതയിൽ തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസിന് സമീപത്തെ അഞ്ചാംപാലത്തിന് അടിവശത്തുകൂടിയാണ് തോട് കടന്നുപോകുന്നത്. നീരൊഴുക്ക് ശക്തമായതോടെ പുഞ്ചയിലെ കൃഷിക്കാവശ്യമായ ജലം ഇവിടെ നിന്ന് ലഭിക്കും.