ശബരിമല: മകരവിളക്കിന് അയ്യപ്പൻമാരെ സഹായിക്കാൻ അഖിലഭാരത അയ്യപ്പസേവാ സംഘം ഒരുക്കങ്ങൾ പൂർത്തിയാക്കി. എരുമേലി, നിലയ്ക്കൽ, പമ്പ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ആംബുലൻസ് സർവ്വീസ് ഇരുപത്തിനാല് മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്. അപ്പോളോ ആശുപത്രിയുമായി ചേർന്ന് പമ്പയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പ്രവർത്തിക്കുന്നു. അയ്യപ്പന്മാർ കൂടുതൽ തമ്പടിക്കുന്ന കേന്ദ്രങ്ങളിലെല്ലാം ഓക്‌സിജൻ പാർലർ ഒരുക്കിയിട്ടുണ്ട്. സ്‌ട്രെക്ചർ സർവ്വീസാണ് അയ്യപ്പ സേവാ സംഘത്തിന്റെ ഏറ്റവും വലിയ സഹായങ്ങളിലൊന്ന്. അഴുത, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പ നീലിമല സ്വാമി അയ്യപ്പൻ റോഡ്, നീലിമല ടോപ്പ് അപ്പാച്ചിമേട്, മരക്കൂട്ടം പാണ്ടിത്താവളം, എന്നിവിടങ്ങളിലെല്ലാം സ്‌ട്രെക്ച്ചർ സർവ്വീസുണ്ട്. നടപ്പാതകളിൽ അയ്യപ്പ സേവാ സംഘത്തിന്റെ ചുക്കുവെളള വിതരണം വലിയ ആശ്വാസമാണ്. അഞ്ഞൂറോളം വാളണ്ടിയേഴ്‌സാണ് രാപ്പകൽ പ്രവർത്തന രംഗത്തുളളത്. ഇവരിൽ പലരും നിരവധി വർഷങ്ങളായി അയ്യപ്പ സേവാ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പരിചയസമ്പന്നരാണ്. തെന്നല ബാലകൃഷ്ണപിളള പ്രസിഡന്റും കാലടി വേലായുധൻ നായർ ജനറൽ സെക്രട്ടറിയുമായുളള അയ്യപ്പസേവാ സംഘം ഭാരവാഹികളാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.