പത്തനംതിട്ട: മഹാകവി പന്തളം കേരളവർമ്മ കവിതാ പുരസ്‌കാരം പി.ആർ ഗോപിനാഥൻ നായർക്കും മാദ്ധ്യമ പുരസ്‌കാരം കെ.എം. ബഷീറിനും നൽകും.. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന കവിതാ പുരസ്‌കാരം പി.ആർ ഗോപിനാഥൻ നായരുടെ വഴിയിൽ വീണ വെളിച്ചം എന്ന കവിതാസമാഹാരത്തിനാണ്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന മാദ്ധ്യമപുരസ്‌കാരം സിറാജ് ദിനപ്പത്രത്തിൽ കെ.എം. ബഷീർ എഴുതിയിൽ സഭയിൽ എന്ന പംക്തിക്കാണ്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്ന ബഷീറിന് മരണന്തര ബഹുമതിയായാണ് അവാർഡ് നൽകുന്നത്.
പന്തളം ലയൺസ് ക്ലബ് ഹാളിൽ 25 ന് വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനത്തിൽ

കവി മധുസൂദനൻ നായർ പുരസ്കാരങ്ങൾ നൽകും. ഡോ. കെ.എസ്. രവികുമാർ അദ്ധ്യക്ഷത വഹിക്കും. പി. ആർ ഗോപിനാഥൻ നായർ, കെ.എം. ബഷീറിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിക്കും.

വാർത്താസമ്മേളനത്തിൽ മഹാകവി പന്തളം കേരളവർമ്മ സ്മാരകസമിതി പ്രസിഡന്റ് ഡോ. കെ.എസ് രവികുമാർ,വൈസ് പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ, വർമ്മ കെ. രഘു എന്നിവർ പങ്കെടുത്തു.