health

തിരുവല്ല: ചാത്തങ്കരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഒ.പി കം അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ ആദ്യഘട്ട നിർമ്മാണത്തിന് 70 ലക്ഷം രൂപ അനുവദിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയ ഒ.പി ബ്ലോക്കും ഭരണകാര്യാലയവും നിർമ്മിക്കാനാണ് ഫണ്ട് അനുവദിച്ചത്. 1.25 കോടി രൂപയുടെ മാസ്റ്റർപ്ലാൻ പ്രകാരം രണ്ടു ഘട്ടങ്ങളായാണ് ആശുപത്രിയുടെ വികസനം നടപ്പാക്കുക. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട നിർമ്മാണത്തിനുള്ള 70 ലക്ഷം രൂപ അനുവദിച്ചത്. ആവശ്യമായ ബാക്കിതുക ജില്ല ബ്ലോക്ക് പഞ്ചായത്ത്, എം.പി, എം.എൽ.എ ഫണ്ടിൽ നിന്ന് കണ്ടെത്തും. പുതിയ ഒ.പി ബ്ലോക്കിൽ രോഗികളുടെ കാത്തിരിപ്പ് സ്ഥലം, ഡോക്ടർമാർക്ക് പ്രത്യേക മുറികൾ, ലാബ്, ഫാർമസി, നേഴ്‌സിംഗ് റൂം, ഡ്രസ്സിംഗ് റൂം, ആശുപത്രിയുടെ ഓഫീസ് എന്നിവ സജ്ജമാക്കും. ഇപ്പോഴത്തെ പഴയ കെട്ടിടം ബലക്ഷയമായതിനാൽ പൊളിച്ചുമാറ്റുന്നതിനും തുടർന്ന് ഭരണാനുമതി നേടി മാസ്റ്റർ പ്ലാൻ അനുസരിച്ച് രണ്ട് ഘട്ടങ്ങളിലായി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൂസമ്മ പൗലോസ്, ബിനിൽകുമാർ, ഈപ്പൻ കുര്യൻ, അഡ്വ.സതീഷ് ചാത്തങ്കരി, മെഡിക്കൽ ഓഫീസർ ഡോ.സുനിതാ കുമാരി, ഡോ.മാമ്മൻ ചെറിയാൻ, എൻ.എച്ച്.എം. എൻജിനീയർ ടോം എന്നിവർ പ്രസംഗിച്ചു.

പ്രളയത്തിൽ നാശം

കഴിഞ്ഞ മഹാപ്രളയത്തിൽ പൂർണ്ണമായും നാശനഷ്ടങ്ങൾ നേരിട്ട ആരോഗ്യകേന്ദ്രമായിരുന്നു ചാത്തങ്കേരി സി.എച്ച്.സി. ഓരോവർഷവും വെള്ളപ്പൊക്കംമൂലം നിരവധി ദിവസങ്ങൾ ആശുപത്രി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. അപ്പർകുട്ടനാടൻ മേഖലയിലെ രോഗികളുടെ ആശ്വാസകേന്ദ്രമാണ് ചാത്തങ്കരി സാമൂഹ്യാരോഗ്യകേന്ദ്രം. എന്നാൽ പരിമിതമായ സൗകര്യങ്ങളിലാണ് പ്രവർത്തനം. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോഴും ആശുപത്രി പ്രവർത്തിക്കുന്നത്.