meeting

മല്ലപ്പള്ളി സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ ജംഗ്ഷനിൽ ഉണങ്ങി നിൽക്കുന്ന പഞ്ഞിമരം വെട്ടിമാറ്റാൻ തീരുമാനമായി. കഴിഞ്ഞ താലൂക്ക് വികസന സമിതി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ബൈക്ക് യാത്രക്കാരന്റെ മുന്നിലേക്ക് ശിഖരം ഒടിഞ്ഞുവീണെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. നിരവധി വിദ്യാർത്ഥികളും യാത്രക്കാരും ബസ് കാത്തുനിൽക്കുന്ന സ്ഥലത്തെ അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി, ഗ്രാമപഞ്ചായത്ത് അംഗം മോളി ജോയ് എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജീനിയർക്ക് നിവേദനം നൽകി. തുടർന്ന് മല്ലപ്പള്ളി തഹസീൽദാരുടെ ഓഫീസിൽ ചേർന്ന അടിയന്തരയോഗത്തിലാണ് മരം മുറിക്കാൻ തീരുമാനമായത്. ഇന്ന് രാവിലെ 9ന് വൈദ്യുതി വകുപ്പ്, പൊലീസ്, ആർ.ടി.ഒ, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ മരം മുറിക്കുമെന്ന് പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വി.കെ. ജാസ്മിനും അസി. എൻജിനീയർ ശാലിനിയും അറിയിച്ചു.

ഗതാഗത തടസം ഒഴിവാക്കാൻ എഴുമറ്റൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചേർത്തോട് - മുരണി - തിരുമാലിട ക്ഷേത്രം വഴിയും കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ജോർജ്ജ് മാത്തൻ ആശുപത്രിപ്പടി - പരുത്തിപ്പാലം വഴിയും പോകണം.