തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ഭവന പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് മിഷൻ കുടുംബസംഗമവും ജനകീയ അദാലത്തും 17ന് രാവിലെ 9 മുതൽ വളഞ്ഞവട്ടം സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേറ്റ് പ്രഖ്യാപനം ആന്റോ ആന്റണി എം.പി നിർവ്വഹിക്കും. ലൈഫ് കുടുംബ സംഗമത്തിന്റെയും ജനകീയ അദാലത്തിന്റെയും ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എയും വികസന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണ ദേവിയും നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിക്കും. 7.38 കോടി ചെലവഴിച്ചു പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയിലും ലൈഫ് മിഷൻ പദ്ധതിയിലും ഉൾപ്പെടുത്തി 5 ഗ്രാമപഞ്ചായത്തകളിലായി 304 ഭവനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വേണ്ടി വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനായി 20 സർക്കാർ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ ജനകീയ അദാലത്തിന് നേതൃത്വം നൽകും.