പത്തനംതിട്ട​: ഒരു ഭാഷാ ക്ലബ്ബിന് ഒരു സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എന്തൊക്കെ ചെയ്യാമെന്ന് കഴിഞ്ഞ 12 വർഷമായി തെളിയിക്കുകയാണ് കലഞ്ഞൂർ സ്‌കൂളിലെ ഹിന്ദി ക്ലബ്ബ്. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 11 വർഷം തുടർച്ചയായി ജില്ലാതല ഹിന്ദി മഹോത്സവവും ഭാഷാസംഗമവും സംഘടിപ്പിക്കാൻ കഴിഞ്ഞതാണ് ഇതിൽ ശ്രദ്ധേയം.
ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളും നടന്നുവരുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ് തുക മൂലധനമാക്കി നടത്തിയ സ്‌നേഹധാര പദ്ധതിയുടെ രണ്ടാം ഘട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉടൻ ആരം​ഭി​ക്കും. ജില്ലാ ഹയർ സെക്കൻഡറി ഹിന്ദി റിസോഴ്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ 25 ന് രാവിലെ ​ 9.30 ന് കലഞ്ഞൂരിൽ പന്ത്രണ്ടാമത് ജില്ലാതല ഹിന്ദി മഹോത്സവവും ഭാഷാ സംഗമവും നടക്കും. ഹിന്ദി മഹോത്സവം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മയും ഭാഷാ സംഗമം ഡേ. മണക്കാല ഗോപാല കൃഷ്ണനും കാവ്യസല്ലാപം യുവ കവി സുമേഷ് കൃഷ്ണനും ഉദ്ഘാടനം ചെയ്യും. കലഞ്ഞൂരിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വി.രമ്യാ രാജിനെ അനുമോദിക്കും. ഹിന്ദി ക്ലബ്ബിന്റെ സ്‌നേഹധാരാ പദ്ധതിയുടെ ഭാഗമായ ചികിത്സാ ധനസഹായ വിതരണം പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് നിർവ്വഹി​ക്കും. അ​ദ്ധ്യാ​പ​കർക്കും ര​ക്ഷി​താ​ക്കൾക്കും കു​ട്ടി​കൾക്കും പ​രി​പാ​ടിയിൽ പ​ങ്കെ​ടുക്കാൻ അ​വസ​രം ല​ഭി​ക്കു​മെ​ന്ന് ഹ​യർ സെ​ക്കൻഡ​റി ഹി​ന്ദി റി​സോ​ഴ്‌​സ് ഗ്രൂപ്പ് കൺവീനർ സജയൻ ഓമല്ലൂർ പറഞ്ഞു. ഇതോടൊപ്പം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കലഞ്ഞൂർ സ്‌കൂളിൽ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന 150 വായനാ പുസ്തകങ്ങളുടെ ശേഖരണം ആരംഭിച്ചതായി ഹിന്ദി ക്ലബ്ബ് കൺ​വീനർ അറിയിച്ചു.