തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപിച്ച്‌ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് കോറം തികയാതിരുന്നതിനാൽ യോഗം കൂടിയില്ല. ഭരണസമിതിയിലെ പ്രസിഡന്റ് ഷിബു വർഗീസിനും വൈസ് പ്രസിഡന്റ് രാജേശ്വരിക്കും എതിരെയാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. ഇടത് - വലത് പക്ഷങ്ങൾക്ക് ഏഴ് സീറ്റ് വീതം ലഭിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതുപക്ഷത്തോടൊപ്പം ചേർത്തുനിറുത്തിയാണ് ഭരണം പിടിച്ചെടുത്തത്. എൽ.ഡി.എഫ് - 8, യു.ഡി.എഫ് - 6, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. യു.ഡി.എഫ് റിബലായി മത്സരിച്ച് ജയിച്ച സുരേഷ് തോമസാണ് സ്വതന്ത്രൻ.