robbery
ഗൗതം ദാസ്

തിരുവല്ല: കോട്ടയം റയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി യൂവാവിനെ തിരുവല്ലയിൽ പൊലീസ് പിടികൂടി. കുന്നന്താനം മൈലമൺ കോളനിയിൽ ഗൗതം ദാസ് (19) ആണ് അറസ്റ്റിലായത്. തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്ന വാഹന പരിശോധനയിലാണ് അറസ്റ്റ്,. പേരാമ്പ്ര സ്വദേശി അഷ്‌റഫിന്റേതാണ് ബൈക്ക്. കഴിഞ്ഞ ഡിസംബർ 29ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്ക്‌ ചെയ്തശേഷം കോഴിക്കോടിന് പോയ അഷ്‌റഫ്‌ ജനുവരി ഒന്നിന് തിരികെ വന്നപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. മോഷ്ടിച്ചശേഷം ബൈക്കിന്റെ പുറകിലെ നമ്പർ പ്ലേറ്റ് ഇളക്കിക്കളഞ്ഞും, മുൻവശത്തെ നമ്പർ തിരുത്തിയും, മഡ് ഗാർഡുകൾ ഇളക്കിമാറ്റിയും രൂപമാറ്റം വരുത്തിയിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികൾ കഞ്ചാവ്‌ വാങ്ങുന്നതിനായാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. കേസ് കോട്ടയം പൊലീസിന് കൈമാറും. തിരുവല്ല സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.