അടൂർ: ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജില്ലാതല ഫുട്ബോൾ ടൂർണമെന്റിന്റെ സമാപനം 18ന് വൈകിട്ട് 5ന് തപോവൻ പബ്ലിക് സ്കൂളിൽ ചിറ്റയം ഗോപകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മുഖ്യാതിഥിയായിരിക്കും.ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ മുന്നോടിയായുള്ള വിളമ്പര ഘോഷയാത്ര 17ന് വൈകിട്ട് 3.30ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഗാന്ധി പാർക്കിൽ സമാപിക്കും. ഇതിനൊപ്പം ട്രാഫിക് വാരാഘോഷത്തിന്റെ ഭാഗമായി കൂട്ട ഓട്ടം വനിതകളുടെ മോട്ടോർ സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.ബഹുജന റാലിക്ക് ശേഷം ക്വിസ് മത്സരവും കേരള ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ നാടകവും ഉണ്ടായിരിക്കും. അടൂരിലെ പൗരപ്രമുഖർക്ക് പുറമേ ജനമൈത്രിസമിതി അംഗങ്ങൾ, എൻ.സി.സി,എസ്. പി.സി,റസിഡൻസ് അസോസിയേഷൻ,ഉൾപ്പെടെയുള്ളവർ ബഹുജന റാലിയിൽ പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.