പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ഭാരത് ബചാവോ ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്ര 18 മുതൽ ഫെബ്രുവരി 18 വരെ നടക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജാഥ എത്തിച്ചേരും.

18ന് വൈകിട്ട് 3ന് റാന്നിചാത്തൻ തറയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിക്കും. 29 ന് തിരുവല്ലയിലും ഫെബ്രുവരി 5 ന് പത്തനംതിട്ടയിലും വിപുലമായ പൊതു സമ്മേളനങ്ങൾ നടത്തും. ഫെബ്രുവരി 18 ന് വൈകിട്ട് 3 ന് പദയാത്രയുടെ സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടൂരിൽ നിർവഹിക്കും. 30 ന് ജില്ലാ സ്റ്റേഡിയത്തിൽ യു.ഡി .എഫ്

നേതൃത്വത്തിൽ മനുഷ്യ ഭൂപടവും സൃഷ്ടിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസിക്, കെ.സി. വേണുഗോപാൽ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, എം.പി മാർ, എം.എൽ.എ മാർ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, ഡി. സി.സി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾസലാം, വെട്ടൂർ ജ്യോതിപ്രസാദ്,

ആർ.സോജി, റിങ്കുചെറിയാൻ എന്നിവർ പങ്കെടുത്തു.