പത്തനംതിട്ട : സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നെങ്കിലും ജില്ലയിലെ ഉദ്യോഗസ്ഥർ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഒന്നാം തീയതി മുതൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പതിനഞ്ച് ദിവസത്തേക്ക് പിഴ ഈടാക്കൽ നടപടിയെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. നിലവിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാനാണ് ഇത്തരത്തിൽ ഒരു അവസരം നൽകിയത്. എന്നാൽ ഇന്നലെ സമയം അവസാനിച്ചെങ്കിലും പരിശോധന നടത്താനോ തീരുമാനമെടുക്കാനോ അധികൃതർ തയാറായിട്ടില്ല. ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സമ്മതിയ്ക്കുന്നുണ്ട്.

കളക്ടർ, സബ് കളക്ടർ, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പുകൾ, മലിനീകരണ ബോർഡ് എന്നിവർക്കാണ് നിരോധനം നടപ്പാക്കാനുള്ള അധികാരം. എന്നാൽ ഈ ഉദ്യോഗസ്ഥർ മറ്റ് ഉദ്യോഗസ്ഥരുടെ മേൽ പഴിചാരുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതുവരെ ഒരു അറിയിപ്പും എങ്ങു നിന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നുണ്ട്. നിയമം വന്ന് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഇതൊന്നും അറിഞ്ഞിട്ടില്ല.

ആദ്യ ഘട്ടം നിയമ ലംഘനത്തിന് പിടിച്ചാൽ 10,000 രൂപയും രണ്ടാവട്ടം വീണ്ടും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണ അത് 50,000 രൂപയും ആകും.

ബ്രാൻഡഡ് പ്ലാസ്റ്റിക്കിന് നിരോധനം ഇല്ല

ബ്രാൻഡഡ് പ്ലാസ്റ്റിക്കിനെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉൽപാദകരോ വിതരണക്കാരോ തദ്ദേശ സ്ഥാപനങ്ങൾ വഴി പ്ളാസ്റ്റിക് നീക്കം ചെയ്ത് സംസ്കരിക്കണം.

കംമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടണം. ഉൽപ്പന്നം ഡ്രൈ ക്ലോറോമീഥെയ്നിൽ ലയിക്കുന്നതായിരിക്കണം.

നിരോധിച്ചവ

പ്ലാസ്റ്റിക് കൊടികൾ, കുടിവെള്ള കുപ്പികൾ, കപ്പുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് ആവരണമുള്ളബാഗുകൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ, പി.വി.സി ഫ്ലെക്സ് ഉൽപ്പന്നങ്ങൾ

പകരം ഉപയോഗിക്കേണ്ടവ

തുണി, ഗ്ലാസ്, സെറാമിക് സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർ ബാഗുകൾ, പി.എൽ.എ. കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, കംമ്പോസ്റ്റബിൾ ബാഗുകൾ.