shoba-surendran

പത്തനംതിട്ട: പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാലിനെ താൻ വിമർശിച്ചതായി വന്ന വാർത്ത ശരിയല്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പിതൃതുല്യനായ രാജഗോപാലിനെ പരോക്ഷമായോ പ്രത്യക്ഷമായോ വിമർശിച്ചിട്ടില്ല. താൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വാ‌ർത്തയിലുള്ളത്. ഒ. രാജഗോപാലിന് പകരം വയ്ക്കാൻ ഇന്ന് കേരളത്തിൽ ഒരാളും ജീവിച്ചിരിപ്പില്ല. അദ്ദേഹം ചെയ്ത സത്കർമങ്ങളെപ്പറ്റി എല്ലാ വേദികളിലും പ്രസംഗിക്കുന്നയാളാണ് താനെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ടയിൽ ബി.ജെ.പി ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ശോഭാ സുരേന്ദ്രൻ പ്രസംഗിച്ചപ്പോൾ, നിയമസഭയിൽ ചോദിക്കാനും പറയാനും എണീറ്റുനിന്ന് കാര്യങ്ങൾ ഉന്നയിക്കാനും ആളില്ലാത്തതുകൊണ്ടാണ് ഭരണകക്ഷിയും പ്രതിപക്ഷവും രാഷ്ട്രീയ പേക്കൂത്തുകൾ നടത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതാണ് രാജഗോപാലിന് എതിരെയുള്ള പരോക്ഷ വിമർശനമായി വ്യാഖ്യാനിക്കപ്പെട്ടത്.