തിരുവല്ല: അപ്പർകുട്ടനാട്ടിൽ നെല്ല് സംഭരിച്ച വകയിൽ ബാങ്കിൽനിന്നു പണം വാങ്ങിയ കർഷകർ ദുരിതത്തിൽ. പണം ലഭിക്കാതായതോടെ നിരവധി നെൽക്കർഷകർക്ക് ബാങ്കുകൾ ജപ്തിനോട്ടീസ് ലഭിച്ചു. നോട്ടീസ് തീയതി മുതൽ 10 ദിവസത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർഫാസി നിയമം പ്രയോഗിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. ഈമാസം മുതലാണ് കർഷകർക്ക് നോട്ടീസ് ലഭിച്ചുതുടങ്ങിയത്. ജില്ലയിൽ അഞ്ചുകോടിയോളം രൂപയാണ് സംഭരണവിലയായി ബാങ്കുകൾക്ക് ഇനി നൽകാനുള്ളത്.സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന കഴിഞ്ഞ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് ലഭിക്കാത്തത്. സംഭരിച്ച നെല്ലിന്റെ അളവനുസരിച്ചുളള തുകയ്ക്ക് പാഡി റസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്.) നൽകും.പി.ആർ.എസ്.സ്വീകരിച്ച് പണം നൽകാൻ നിശ്ചിത ബാങ്കുകളെ ചുമതലപ്പെടുത്തിയിരുന്നു. ഇവയുടെ ശാഖകളിൽനിന്നാണ് കർഷകർ പണം വാങ്ങേണ്ടത്. കർഷകന് വായ്പയായാണ് ബാങ്കുകൾ ഈ പണം നൽകിയത്.ആറ് മാസത്തിനുളളിൽ സർക്കാർ ബാങ്കുകൾക്ക് പലിശ ചേർത്തുള്ള പണം മടക്കിനൽകും എന്നായിരുന്നു കരാർ.സംഭരിക്കുന്ന നെല്ല് കോർപ്പറേഷൻ സ്വകാര്യ മില്ലുകൾക്കാണ് കൈമാറുന്നത്.മില്ലുകൾ അരിയാക്കി സർക്കാരിന് മടക്കി നൽകും.പി.ആർ.എസ്. നൽകി പണം വാങ്ങുമ്പോൾ കർഷകന്റെ പേരിൽ വായ്പയായാണ് തുക നൽകുന്നത്. സാമ്പത്തികമാന്ദ്യം മൂലം സർക്കാർ ബാങ്കുകൾക്ക് യഥാസമയം പണം അടച്ചില്ല. ഇതോടെയാണ് ജപ്തിഭീഷണിയുമായി ബാങ്കുകൾ രംഗത്തിറങ്ങിയത്.ജപ്തി നടപടികൾ പിൻവലിച്ചില്ലെങ്കിൽ കർഷകർക്ക് ഭാവിയിൽ മറ്റ് വായ്പകൾ ലഭിക്കുന്നതിനും തടസമുണ്ടാകും.പ്രശ്ന പരിഹാരത്തിനായി വായ്പാകാലാവധി ആറിൽനിന്ന് ഒരുവർഷമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചർച്ച ചെയ്തശേഷമായിരുന്നു ഉത്തരവ്. എന്നാൽ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ബാങ്കുകൾ കൈയൊഴിഞ്ഞു.


കർഷകരെ ദ്രോഹിക്കുന്ന ഈ പ്രശനം അടിയന്തരമായി പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും. നെല്ല് നൽകിയ കർഷകരെ സർക്കാർ കെണിയിലാക്കിയിരിക്കുകയാണ്. ജപ്തിഭീഷണി കർഷകർക്ക് മാനഹാനിക്കും ഇടയാക്കി.


സാം ഈപ്പൻ
(അപ്പർകുട്ടനാട് നെൽകർഷക

സമിതി പ്രസിഡന്റ്)

-10 ദിവസത്തിനകം പണം തിരിച്ചടയ്ക്കണം