പന്തളം: അച്ചൻകോവിൽ ആറ്റിൽ വലിയകോയിക്കൽ ക്ഷേത്രക്കടവിൽ വെള്ളത്തിൽ മഞ്ഞ നിറത്തിൽ പത നിറഞ്ഞത് തീർത്ഥാടകരുടെ പ്രതിഷേധത്തിന് കാരണമായി. കുളിക്കാൻ എത്തിയവർ മാലിനജലമാണെന്ന് കരുതിയാണ് പ്രതിഷേധിച്ചത്. തുടർന്ന് ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫയർഫോഴ്‌സസ് അധികൃതർ കടവ് അടച്ചു. ഇന്നലെ രാവിലെയാണ് പത കണ്ടത്. പന്തളം പൊലീസും, ഹെൽത്ത് വിഭാഗവും ഇറിഗേഷൻ വ​കുപ്പ് ഉദ്യോഗ​സ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കടവിന് സമീപത്തെ കൊച്ചുപുരകടവിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടന്നുവരികയാണ്. ഇവിടെ ജെ.സി.ബി. കൊണ്ട് വാനം എടുത്തപ്പോൾ ഉണ്ടായ പതയാണ് മാലിന്യമാണെന്ന സംശയത്തിന് കാരണമായതെന്ന് വാർഡ് കൗൺസിലർ കെ.ആർ.രവി പറഞ്ഞു. തീത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് 3 ദിവസത്തേക്ക് പണി നിർത്തിവച്ചു.