കോന്നി : ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ചൈനാമുക്ക് - ളാക്കൂർ റോഡിൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ ഭീഷണിയാകുന്നു. തകർന്നു കിടന്നിരുന്ന ഈ റോഡ് മാസങ്ങൾക്ക് മുമ്പാണ് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയത്. റോഡിന്റെ നിലവാരം മെച്ചപ്പെട്ടതോടെ വാഹനങ്ങളുടെ വേഗതയും വർദ്ധിച്ചു.
കോന്നിതാഴം മേഖലയിലെ വിവിധ പാറമടകളിൽ നിന്ന് കരിങ്കല്ലും ക്വാറി ഉല്പന്നങ്ങളും കയറ്റിയ ടിപ്പർ ലോറികളും ടോറസും റോഡ് നന്നാക്കിയതിനെ തുടർന്ന് ആനക്കൂട് - ചന്ദനപ്പള്ളി റോഡ് ഒഴിവാക്കി യാത്ര ഇതുവഴിയാക്കി. അടൂർ, കായംകുളം തുടങ്ങിയ ഭാഗങ്ങളിലേക്കും കരിങ്കല്ലുകളും മെറ്റലും പാറപ്പൊടിയും ഇവിടെ നിന്ന് വൻതോതിൽ കൊണ്ടു പോകുന്നുണ്ട്. ടിപ്പർ ലോറികൾ പുലർച്ചെ ചീറിപ്പാഞ്ഞു വരുന്നത് പ്രഭാതസവാരിക്ക് ഇറങ്ങുന്നവരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ വേഗത രേഖപ്പെടുത്തിയ ബോർഡുകളോ മറ്റ് സൂചനകളോ നൽകുന്ന സംവിധാനങ്ങളൊന്നും റോഡിന്റെ വശങ്ങളിലില്ല.
വേഗത നിയന്ത്രിക്കാൻ കഴിയുന്ന ഹംമ്പ്, ഡിപ്പ് എന്നിവയും വളരെ കുറവാണ്. റോഡിലെ ചൈനാമുക്ക് മാങ്കുളം ജംഗ്ഷനിലെ വഞ്ചിപ്പടി അപകട ഭീഷണിയിലാണ്. ഇവിടുത്തെ വളവിൽ ഒരു വശത്തെ ഓടയ്ക്ക് സംരക്ഷണ ഭിത്തി സ്ഥാപിക്കാത്തതാണ് കാരണം. വളവിന്റെ വലതുഭാഗത്തുള്ള കോൺക്രീറ്റ് റോഡ് ചേരുന്ന കലുങ്കിനും കൈവരി ഇല്ല. തോടിന് സ്ലാബ് ഇടാത്തതുമൂലം ഇരുചക്രവാഹനങ്ങൾ വീതി കുറഞ്ഞ ഓടയിൽ വീഴുന്നതും പതിവായിട്ടുണ്ട്. പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.