തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ജന്മദിനസപ്തതി ആഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വിവിധ ഭദ്രാസന പ്രതിനിധികളെ ഉൾപ്പെടുത്തി നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പാ ചെയർമാനായി കമ്മിറ്റികൾ രൂപികരിച്ചു. ഒരുവർഷത്തെ കർമ്മപരിപാടികളാണ് നിരണം അതിഭദ്രാസന കൗൺസിൽ രൂപരേഖ തയ്യാറാക്കിയത്. മാർച്ച് 8ന് വൈകിട്ട് 6ന് തോട്ടഭാഗം യെരുശലേം വലിയപള്ളി അങ്കണത്തിൽ ജന്മദിന സപ്തതി ആഘോഷം നടക്കും. നിർദ്ധനരായ 70പേർക്ക് ഭവനങ്ങൾ, 70 കാൻസർ-കിഡ്‌നി രോഗികൾക്ക് സൗജന്യനിരക്കിൽ ചികിത്സാസഹായം, 70വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് തുടങ്ങി നിരവധി ജീവകാരുണ്യ-സാമുഹൃക്ഷേമ പദ്ധതികൾക്കാണ് തുടക്കമിടുന്നത്.

മാർച്ച് 8ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേകം സമ്മാനപദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മതമേലദ്ധ്യക്ഷൻമാർ, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 70പേരടങ്ങുന്ന ഗായകസംഘം സംഗീതശുശ്രൂഷ നടത്തും. മെത്രാപ്പൊലീത്തയെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം ഉണ്ടായിരിക്കും. മെത്രാപ്പൊലീത്തയുടെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഫോട്ടോ പ്രദർശനവും ജന്മദിനസപ്തതി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനവും നടക്കും.

മാർച്ച് 7ന് ജന്മനാടായ നിരണത്ത് നിന്ന് വിളംബര ഘോഷയാത്രയും ഉണ്ടാകും. മാതൃഇടവകയായ സെന്റ് തോമസ് ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നിന്ന് ആരംഭിക്കും. സ്വാഗതസംഘ രൂപികരണ യോഗത്തിൽ ഫാ.റജി കെ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പാ ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി ഫാ. ഡോ.ഡാനിയേൽ ജോൺസൺ, ഫാ.ഷിജു മാത്യു, ഫാ.ശമുവേൽ മാത്യു, ഫാ. മനോജ് ചാക്കോ, ഫാ.ലിബീഷ് ജോർജ്, ഫാ.ജോസഫ് ജോൺ, ഡോ.ജോൺസൺ വി.ഇടിക്കുള, സിബി സാം തോട്ടത്തിൽ, അഡ്വ.സ്റ്റീഫൻ ഐസക്, ഫാ.സജു തോമസ്, ഫാ. അജു പി.ജോൺ, ഫാ.റോബിൻ കെ.തമ്പി, ഡോ.തോമസ് പി.തോമസ്, ജോയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.