ശബരിമല: ശബരിമലയിൽ 58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ഗസ്റ്റൗസിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് നടപ്പാക്കേണ്ട നിർമാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ രൂപരേഖയുണ്ട്. വനംവകുപ്പിന്റെ ഇടപെടൽ ആവശ്യമില്ലാത്തതും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഇല്ലാത്തതുമായ പദ്ധതികളാണ് ഇവ. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. റോപ് വേ നിർമാണത്തിനുള്ള തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരും ബന്ധപ്പെട്ട ഏജൻസിയും ഇതിനായി കേന്ദ്രഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഭക്തജന ബാഹുല്യം വർദ്ധിച്ചെങ്കിലും സമാധാനത്തോടൊയും ശാന്തിയോടെയും ദർശനം നടത്താൻ ഈ സീസണിലെത്തിയ ഭക്തജനങ്ങൾക്ക് സാധിച്ചു. പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഒരു ചുവടുകൂടി മുന്നോട്ട് വയ്ക്കുവാൻ ഇത്തവണ സാധിച്ചു. ഇരുമുടിക്കെട്ടുകളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്ത മണ്ഡലംമകരവിളക്ക് മഹോൽസവത്തിനുള്ള തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായ എൻ. വിജയകുമാർ, കെ.എസ്.രവി, ദേവസ്വം സെക്രട്ടറി ഗായത്രീദേവി തുടങ്ങിയവർ പങ്കെടുത്തു.