പന്തളം: തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ശബരിമലയിലേക്ക് പോയ തീർത്ഥാടകന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൂഴിക്കാട് ചിറമുടി മലയുടെ തെക്കേതിൽ വിനോദ് (ബിനു-37)വിനാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ളാഹ സത്രം കഴിഞ്ഞ് ചെളിക്കുഴി ഭാഗത്താണ് സംഭവം. ഘോഷയാത്രയിലുള്ളവർ രാത്രിയിൽ സത്രത്തിലാണ് കഴിഞ്ഞിരുന്നത്.പുലർച്ചെ ഘോഷയാത്ര പുറപ്പെടുന്നതിന് അല്പം മുമ്പ് ബിനുവും സംഘവും യാത്ര തുടർന്നു. കാട്ടാന ചിന്നം വിളിച്ചുവരുന്നത് കണ്ട് ഇവർ തിരിഞ്ഞോടിയെങ്കിലും കാൽ വഴുതിവീണ ബിനുവിനെ ആന ചവിട്ടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര ധനസഹായം നൽകണമെന്ന് വാർഡ് കൗൺസിലർ പന്തളം മഹേഷ് ആവശ്യപ്പെട്ടു.