ഇലവുംതിട്ട: നല്ലാനിക്കുന്ന് പമ്പുഹൗസിനു കീഴിലുള്ള മുട്ടത്തുകോണം, മുടവൻമണ്ണ് പ്രദേശങ്ങളിൽ ശുദ്ധജല പെപ്പു പൊട്ടിയിട്ടു ദിവസങ്ങളായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ല. ഈ ഭാഗങ്ങളിൽ പൈപ്പുപൊട്ടുന്നത് നിത്യസംഭവമാണ്. ജല അതോറിട്ടിയുമായി ബന്ധപ്പെടുമ്പോൾ കരാറുകാരനെ വിളിക്കാനെന്നും കരാറുകാരനെ വിളിക്കുമ്പോൾ ജല അതോറിട്ടിയെ ബന്ധപ്പെടാനുമാണ് പറഞ്ഞൊഴിയുന്നത്.ദിവസങ്ങളായി വെള്ളം ലഭിക്കാതെ ദുരിതത്തിലായ ജനങ്ങൾ പ്രതിഷേധത്തിലാണ്. ഇരുപതോളം കുടുംബങ്ങളാണ് വെളളമില്ലാതെ വലയുന്നത്. വേനൽക്കാലമായതിനാൽ ഇൗ ഭാഗത്ത് കിണറുകളിൽ വെളളമില്ല.പലരും ദൂരെ പ്രദേശങ്ങളിൽ നിന്ന് വെളളം തലച്ചുമടായും മറ്റും കൊണ്ടുവരികയാണ്. ആറ് വർഷം മുൻപ് സ്ഥാപിച്ച ഗുണനിലവാരമില്ലാത്ത പൈപ്പ് പലയിടത്തും പൊട്ടിക്കിടക്കുകയാണ്.പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് അടിയന്തരമായി വെളളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.