പത്തനംതിട്ട : തിരുവല്ല മുനിസിപ്പാലിറ്റി വെസ്റ്റ് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ആശാ സുദർശനൻ സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന് കണ്ടെത്തിയിട്ടും ജില്ലാമിഷൻ ഉൾപ്പെടെയുള്ള ഭരണ സമിതി നടപടിയെടുക്കുന്നില്ലെന്ന് സി.ഡി.എസ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.ഡി.എസിന്റെ വരവ് ചെലവ് കണക്കുകൾ ജില്ലാ മിഷന്റെ കീഴിലുള്ള കെ.എ.എ.എസ്.എസ് ഓഡിറ്റ്, സൂഷ്മതല ഓഡിറ്റ് എന്നിവയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.ഏകദേശം ആറ്ലക്ഷം രൂപയിലധികം ക്രമക്കേട് നടന്നിട്ടുള്ളതായി അംഗങ്ങൾ ആരോപിക്കുന്നു.സി.ഡി.എസ് മെമ്പർ സെക്രട്ടറിയായ അജിഎസ്.കുമാറിനെതിരെ നടപടിയെടുക്കാൻ നഗരസഭയോട് ശുപാർശ ചെയ്യാമെന്ന് ജില്ലാ മിഷൻ പറഞ്ഞെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.സി.ഡി.എസ് പൊതുസഭയിൽ ചെയർപേഴ്സണെ പുറത്താക്കുകയും അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ വെസ്റ്റ് സി.ഡി.എസിന്റെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ നടപടി പൂർത്തിയായിരിക്കുകയാണ്.സി.ഡി.എസ് അംഗങ്ങൾ ജില്ലാ മിഷനിൽ കൊടുത്ത പരാതിയിൽ മാത്രമാണ് ഓഡിറ്റ് നടത്തിയിട്ടുള്ളത്. മുൻ കാലങ്ങളിലെ കണക്കുകൾ പരിശോധിക്കണമെങ്കിൽ വീണ്ടും ഭരണ സമിതിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ മിഷൻ കോ- ഓർ‌ഡിനേറ്റർ എസ്.വിധു ആവശ്യപ്പെട്ടതായും അംഗങ്ങൾ പറഞ്ഞു.കൃത്യമായ ഓഡിറ്റിംഗ് ഇവിടെ നടക്കുന്നില്ലെന്നാണ് സി.ഡി.എസ് അംഗങ്ങളുടെ ആരോപണം.വാർത്താ സമ്മേളനത്തിൽ സി.ഡി.എസ് അംഗങ്ങളായ എൽ.രമ്യ,രുദ്രാഭായി,മിനി തോമസ്,ജമീല എന്നിവർ പങ്കെടുത്തു.