പത്തനംതിട്ട: അക്രമത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ നേരിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എം.എം ഹസൻ ആരോപിച്ചു. ഭാരത് ബചാവോ സമരപരിപാടികളുടെ ഭാഗമായി മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ രജിസ്റ്റർ എല്ലാ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. നിയമങ്ങൾ അനുസരിക്കുക തന്നെ വേണം. എന്നാൽ നിയമങ്ങൾ നീതിക്ക് നിരക്കുന്നതല്ലെങ്കിൽ ലംഘിക്കുമെന്ന് ഉപ്പ് സത്യാഗ്രഹത്തിലൂടെ ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹസൻ അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, രജനി പ്രദീപ്, അഡ്വ.എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.