പത്തനംതിട്ട: അരുവാപ്പുലം പടപ്പയ്ക്കലിൽ എട്ടാം നമ്പർ അങ്കണവാടിക്കുവേണ്ടി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഇന്നു നടക്കുന്ന ഉദ്ഘാടനം പഞ്ചായത്തിന്റെ അറിവോടെയല്ലെന്ന് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണിയും യു.ഡി.എഫ് മെമ്പർമാരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗ്രാമ, ജില്ലാപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് അങ്കണവാടിക്ക് കെട്ടിടം പണിതത്. ഇതിന്റെ പണി പൂർത്തീകരിച്ച് കരാറുകാരൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർക്ക് താക്കോൽ കൈമാറിയിട്ടില്ല.കെട്ടിടം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നേരത്തെ അങ്കണവാടി വെൽഫെയർ കമ്മിറ്റി കൂടി നിശ്ചയിച്ച പ്രകാരമല്ല ഇന്നു നടക്കുന്നത്.എം.പി ഉദ്ഘാടകനും എം.എൽ.എ അദ്ധ്യക്ഷനുമായി കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും വാർഡ് മെമ്പർ അമ്പിളി രാജുവിന്റെ എതിർപ്പു കാരണം പഞ്ചായത്ത് ജനപ്രതിനിധികൾ ഉദ്ഘാടനം ചെയ്താൽ മതിയെന്നു നിശ്ചയിച്ചിരുന്നു. ഇതിനു വിരുദ്ധമായി കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഇന്ന് ഉദ്ഘാടകനാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനാണെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് അറിവില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് എൻജിനിയറോടു വിശദീകരണം ആരാഞ്ഞിട്ടുണ്ട്. അങ്കണവാടിയുടെ നിർമ്മാണത്തിൽ സ്ഥലം കണ്ടെത്തിയതും പിന്നീട് കെട്ടിടം നിർമ്മാണത്തിനായി 17 ലക്ഷം രൂപയോളം ചെലവഴിച്ചതും പഞ്ചായത്താണ്.ജില്ലാ പഞ്ചായത്ത് നാലുലക്ഷം രൂപ നൽകുകയും ചെയ്തു.എംപി, എം.എൽ.എ ഫണ്ടുകളോ മറ്റ് സർക്കാർ പണമോ വിനിയോഗിച്ചിട്ടില്ല. പഞ്ചായത്തിന്റെ ഔദ്യോഗികക്ഷണമില്ലാതെ ഒരു പൊതുപരിപാടിയിൽ എം.എൽ.എ പങ്കെടുക്കുന്നത് പ്രൊട്ടോകോൾ ലംഘനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യം എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പാർട്ടി സമ്മർദ്ദമുണ്ടെന്ന് പറഞ്ഞു. അത് കൊണ്ട് തന്നെയാണ് നേരത്തെയുള്ള തീരുമാനത്തിൽ നിന്നു വ്യതിചലിക്കാൻ കാരണമെന്നും വാർഡ് മെമ്പർ പറയുന്നു.
പരാതി നൽകി
പഞ്ചായത്തിന്റെ അധികാരാവകാശങ്ങളിൽ എം.എൽ.എ നടത്തിയിട്ടുള്ള കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, തദ്ദേശഭരണ, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പരാതി നൽകി. ഇന്നു നടക്കുന്ന ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്നും കെട്ടിടം പണി പൂർത്തീകരിച്ചാൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിപുലമായ ഉദ്ഘാടനം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് ജയ തോമസ്, മെമ്പർമാരായ ജോയി തോമസ്, വിമൽ കുമാർ, സി.ജി. ശാന്തകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.