പത്തനംതിട്ട : മല്ലപ്പള്ളി -പുല്ലാട് റോഡിന്റെ താൽക്കാലികമായുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനകം ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം.പി.അറിയിച്ചു. ഇതു സംബന്ധിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും രണ്ട് ദിവസത്തിനകം റോഡിലെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും എം.പി.പറഞ്ഞു. കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതിയായ സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 12 കോടി 64 ലക്ഷം രൂപയാണ് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്.13കി.മീറ്റർ ദൈർഘ്യമുള്ള ഈ റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ നിലവിലുണ്ട്.റോഡ് നവീകരിക്കുമ്പോൾ കാലപ്പഴക്കം ചെന്ന ഈ പൈപ്പുകൾ പൊട്ടി പോകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചതിനെ തുടർന്ന് ഈ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കേണ്ടി വന്നു.ഈ പ്രവൃത്തികൾ ഇപ്പോൾ പൂർത്തീകരിച്ചുകഴിഞ്ഞു. ഇക്കാരണത്താലാണ് റോഡ് നിർമ്മാണം ആരംഭിക്കാൻ കാലതാമസം നേരിട്ടത്. ഇതിനാൽ ഏറ്റെടുത്ത കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചുപോയി.ഇനി പുതുതായി ടെണ്ടർ ചെയ്ത് വേണം പ്രവൃത്തി ആരംഭിക്കാൻ.അടിയന്തരമായി പുനരുദ്ധാരണം നടത്തണമെന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായതെന്ന് എം.പി പറഞ്ഞു.