തിരുവല്ല: സ്ക്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. കല്ലൂപ്പാറ കടമാൻകുളം കല്ലികുഴിയിൽ വീട്ടിൽ ശരത്ത് (22) ജില്ലാ ലഹരി വിരുദ്ധ സ്ക്വോഡിന്റെ പിടിയിലായത്. കല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളേജിന് സമീപം കച്ചവടം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ശരത്തിന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും ഇയാളോടൊപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ കമ്പത്തുനിന്നും ഇവർ കഞ്ചാവ് എത്തിച്ചതായി വിവരം ലഭിച്ചു. തുടർന്ന് ഓടിപ്പോയ ബിബിന്റെയും പ്രവീണിന്റെയും, ബസലേൽ സി.മാത്യുവിന്റെയും വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിനിടയിൽ ഒരു കിലോയിലേറെ കഞ്ചാവ് കണ്ടെത്തി.നിരവധി കഞ്ചാവ് കേസിലും മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് ബസലേൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങി ഏതാനും ദിവസങ്ങളേ ആയുള്ളു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തിരുവല്ല സി.ഐ പി.ആർ.സന്തോഷ്,കീഴ്വായ്പൂര് എസ്.എച്ച്.ഒ.സഞ്‌ജയ് സി.ടി, ടീം അംഗങ്ങളായ എസ്.ഐ ആർ.എസ്. രഞ്‌ജു, എ.എസ്.ഐമാരായ ടി.ഡി.ഹരികുമാർ, ആർ.അജികുമാർ,സി.പി.ഒമാരായ ശ്രീരാജ്,സുജിത്ത്,അൻസീം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.