ചിറ്റാർ: മധുരയിൽനിന്ന് ചിറ്റാറിൽ എത്തിയ സുന്ദരി പ്രാവിന്റെ കഥയാണിത്. തളയിട്ട കാലുകൾ പതുക്കെ ഉയർത്തി കുണുങ്ങി കുണുങ്ങി വന്ന പ്രാവ് ആദ്യം കൗതുകമായി. അടുത്തറിഞ്ഞപ്പോൾ അത് 150 കിലോമീറ്റർ അപ്പുറമുള്ള പ്രാവ് വളർത്തലിന്റെയും പറത്തൽ മത്സരത്തിന്റെയും കഥയായി. നാഗർകോവിലിലെ ജാക്വിൻ ലോസ്റ്റ് എന്ന പക്ഷി വളർത്തൽ സ്ഥാപനത്തിലെ അരുമയാണ് വഴിതെറ്റി ചിറ്റാറിൽ എത്തിയ സുന്ദരി പ്രാവ്. ഞായറാഴ്ച മധുരയിൽ നടന്ന ഇരുന്നൂറ് കിലോമീറ്റർ പറക്കൽ മത്സരത്തിൽ പങ്കെടുത്ത പ്രാവിന് വഴിതെറ്റുകയായിരുന്നു.
രാവിലെ അടുക്കളയിൽ നിൽക്കുമ്പോഴാണ് ചിറ്റാർ അജി ഭവനിൽ ഇ.എസ്. അജിയുടെ ഭാര്യ ജിനിയും മകൻ സച്ചുവും പ്രാവിനെ കാണുന്നത്. തവിട്ട് നിറമുള്ള പ്രാവിനെ കണ്ടപ്പോൾ കൗതുകമായി. സച്ചു അരിമണിയിട്ടു വിളിച്ചപ്പോൾ പ്രാവ് ഇണങ്ങി. കൈയിലെടുത്തപ്പോൾ ഇരുകാലിലും വളയം കണ്ടു. അതിൽ ഒരു ഫോൺ നമ്പറും. ഉടൻ ആ നമ്പരിൽ ബന്ധപ്പെട്ടു. അപ്പോഴാണ് നാഗർകോവിൽ സ്വദേശി എഡ്വിൻ രാജേഷിന്റെ ജാക്വിൻ ലോസ്റ്റ് എന്ന പക്ഷി സങ്കേതത്തിലെ അരുമയാണിവളെന്ന് മനസിലായത്. പ്രാവ് സുരക്ഷിതയാണെന്ന് അറിഞ്ഞതോടെ എഡ്വിൻ തിരുവനന്തപുരം സ്വദേശികളായ സുഹൃത്തുക്കളെ ചിറ്റാറിലേക്ക് അയച്ചു. ഇവർ പ്രാവിനെ വൈകിട്ടോടെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാഗർകോവിലിലെ റേയ് സിംഗ് പീജിയൻ ക്ലബിലെ അംഗമാണ് ഈ പ്രാവ്. പറക്കൽ മത്സരത്തിൽ സ്ഥിരം സാന്നിദ്ധ്യം.
മിടുക്കി @1500
1500 കിലോ മീറ്റർ തുടർച്ചയായി പറക്കാൻ കഴിയുന്ന മിടുക്കിയാണ് ഈ പ്രാവ്. 60 അംഗങ്ങളുള്ള ക്ലബിലെ ഏറ്റവും ചെറിയവളാണ് ഈ ഒരു വയസുകാരി. ഹോമർ വിഭാഗത്തിലുള്ള പ്രാവാണിത്. സാധാരണ എവിടെ പോയാലും തിരികെ വീട്ടിലെത്തുന്ന സ്വഭാവം. വഴിതെറ്റി പോകുന്ന പ്രാവുകളെ തിരികെ തരാൻ പലരും മടിക്കുമെങ്കിലും അജിയും കുടുംബവും ചെയ്ത നന്മയിൽ സന്തോഷം ഉണ്ടെന്ന് എഡ്വിൻ രാജേഷ് പറഞ്ഞു.