പന്തളം: പന്തളം നരസഭയുടെ പടിഞ്ഞാറേ അതിർത്തിയായ ഐരാണിക്കുടി പാലത്തിനു സമീപം കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി. ദുർഗന്ധം വമിച്ച് വഴിയാത്രക്കാർക്കും സമീപവാസികൾക്കും പ്രദേശത്ത് അടുക്കാൻ പറ്റാത്ത സ്ഥിതിയാണ്.
മാരക രോഗങ്ങളുണ്ടാകുമെന്ന ആശങ്കയുമുണ്ട്. ജില്ലാ കളക്ടർക്കും പൊലീസ് അധികാരികൾക്കും നഗരസഭയ്ക്കും നിരവധി തവണ പരാതി നല്കുകയും പല തവണ മുനിസിപ്പൽ കൗൺസിലിൽ വിഷയം ഉന്നയിച്ച് സി.സി.ടി.വി കാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.ടാങ്കർ ലോറികൾ കക്കൂസ് മാലിന്യങ്ങൾ ശേഖരിക്കും എന്ന് മൊബൈൽ നമ്പർ സഹിതം പരസ്യം നൽകാറുണ്ട്. ഇവരെ വിളിച്ച് മാലിന്യം ശേഖരിക്കുന്നത് എവിടെ നിക്ഷേപിക്കുന്നു എന്നന്വേഷണം നടത്തിയാൽ ഇത് കണ്ടു പിടിക്കാനാകും. അതേപോലെ വ്യാപാര സ്ഥാപനങ്ങളിലേയും വീടുകളിലേയും കോഴിമാലിന്യങ്ങൾ ചാക്കുകെട്ടുകളിലും കവറുകളിലുമാക്കി വാഹനങ്ങളിൽ കൊണ്ടു നിക്ഷേപിക്കുന്നതും പതിവാണ്. കൗൺസിൽ തീരുമാനമെടുത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ അടിയന്തര തീരുമാനം ഉണ്ടാകേണ്ടതാണ്.
നഗരസഭാ ഹെൽത്ത് വിഭാഗത്തിന്റെ ശ്രദ്ധയുണ്ടാകണം. പൊലീസ് പെട്രോളിംഗ് ഊർജിതമാക്കണം. ഇപ്പോൾ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ അടിയന്തര നടപടി മുനിസിപ്പൽ അധികാരികൾ സ്വീകരിക്കണം
കൗൺസിലർ
(കെ.ആർ. വിജയകുമാർ)