തിരുവല്ല: വീട്ടിൽ സൂക്ഷിച്ചിരുന്ന മാൻ കൊമ്പും എയർ ഗണ്ണും പൊലീസ് പിടികൂടി. വീട്ടുടമ പുറമറ്റം കമ്പിനിമല കോളനിയിൽ മീൻ ചിറപ്പാട്ട് വീട്ടിൽ ജോയി ( 55 ) യെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിയായ രഞ്ചിത്തും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആക്രമണം നടത്തിയ പ്രതിയായ എട്ടപ്പൻ മഹേഷിനെ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കി കൊടുത്തയാളും നിരവധി അടിപിടി കേസുകളിൽ പ്രതിയുമായ ദിലുവും ചേർന്ന് 3 മാസം മുൻപ് കൊമ്പും തോക്കും വീട്ടിൽ വയ്ക്കുകയായിരുന്നെന്ന് അറസ്റ്റിലായ ജോയി മൊഴി നൽകി. അടുത്തിടെ തിരുവല്ല സ്റ്റേഷൻ പരിധിയിൽ അടിപിടി കേസിൽ ഒളിവിൽ കഴിയുകയാണ് ദിലു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വനംവകുപ്പ് അധികൃതർക്ക് കേസ് കൈമാറി. അറസ്റ്റിലായ ജോയിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ്.ജയദേവന്റെ നേതൃത്വത്തിൽ കോയിപ്രം എസ്.എച്ച്.ഒ ഗിരീഷ്.എൻ, എസ്.ഐമാരായ ആർ.എസ്.രഞ്‌ജു, ബി.രമേശൻ, എ.എസ്.ഐമാരായ ടി.ഡി.ഹരികുമാർ, ആർ.അജികുമാർ, സി.പി.ഒമാരായ ശ്രീരാജ്, ദീപു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.