അടൂർ: സർവശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അടൂർ ഗവ.യു.പി.സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിക്കും. നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യസമിതി ചെയർപേഴ്‌സൺ സൂസി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ജി.അനിത മുഖ്യപ്രഭാഷണം നടത്തും. കുട്ടികളിലെ ഗണിത താത്പര്യം വർദ്ധിപ്പിക്കാനും നിത്യജീവിതത്തിൽ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദർഭങ്ങളെ ഗണിതപഠനത്തിലേക്ക് സന്നിവേശിപ്പിക്കാനുമായി സമഗ്രശിക്ഷ കേരളം കെഡിസ്‌കുമായി സഹകരിച്ച് ഈവർഷം 6,7,8 ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാനത്തുടനീളം ഗണിതോത്സവം നടപ്പാക്കും. 17,18,19 തീയതികളിൽ പഞ്ചായത്തുകളിൽ ഓരോ കേന്ദ്രത്തിലും മുനിസിപ്പാലിറ്റികളിൽ രണ്ടു കേന്ദ്രങ്ങളിലും പി.ഇ.സി, എം.ഇ.സി, എസ്.എം.സി എന്നീ സംഘാടക സമിതിയുമായി ചേർന്നാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പൂർവ്വ അദ്ധ്യാപക -വിദ്യാർത്ഥികളെയും സാമൂഹ്യ സാംസ്‌കാരിക പ്രമുഖരെയെല്ലാം പരിപാടിയിൽ പങ്കെടുപ്പിക്കും.