17store-room
നിർമ്മാണത്തിലിരിക്കുന്ന സ്റ്റോർ റൂം

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ പ്രധാന പ്രശ്നമാണ് സ്ഥലമില്ലായ്മ. ദിവസവും നൂറ് കണക്കിനാളുകൾ എത്തുന്നടമാണിവിടം. വാഹന പാർക്കിംഗിന് പോലും സ്ഥലമില്ലാത്ത ആശുപത്രിയിൽ ഞെങ്ങി ‌ഞെരുങ്ങിയാണ് കെട്ടിടങ്ങൾ വീണ്ടും ഉയരുന്നത്. ഇതോടെ ആശുപത്രിയിൽ എത്തുന്നവർക്ക് നന്നേ പാടുപെടുകയാണ്.വാഹനങ്ങൾ തിരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒരു സ്റ്റോർ റും കൂടി പണിയുകയാണ്. നിലവിൽ ഒരു സ്റ്റോർ റും ഉണ്ടെങ്കിലും അതിന്റെ അപര്യാപ്തത മൂലമാണ് വീണ്ടും ഒന്നുകൂടി പണിയുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ സ്റ്റോറൂമിൽ സൂക്ഷിക്കാവുന്നതിലധികം മരുന്നാണ് എത്തുന്നത്. സ്ഥലമില്ലാത്തിടത്താണ് വീണ്ടും കെട്ടിട നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

ജനറൽ ഒ.പിയുടേയും വാ‌ർഡിന്റെയും മദ്ധ്യേ

ജനറൽ ഒ.പിയുടേയും വാ‌ർഡിന്റെയും മദ്ധ്യേയുള്ള ഭാഗത്താണ് സ്റ്റോർ റൂം പണി നടക്കുന്നത്. ഇതിനടുത്താണ് സ്ത്രികൾക്കും പുരുഷൻമാർക്കും വിശ്രമിക്കാനുള്ള സ്ഥലം. രോഗികൾക്ക് കൂട്ടിരുപ്പുകാരായി എത്തുന്നവർ ഇവിടെയാണ് രാത്രി സമയം ചെലവഴിക്കുന്നത്.

ആർട്ടിഫിഷ്യൽ ഹൈടെക് ലിംബ് സെന്റർ, പാലിയേറ്റീവ് കെയർ യൂണിറ്റ്, എ, ബി, സി ബ്ലോക്കുകൾ, കാൻസർ ചികിത്സ, കീമോ തെറാപ്പി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമായ ആശുപത്രിയാണിത്.

6 ലക്ഷം രൂപയ്ക്കാണ് ഇപ്പോൾ സ്റ്റോർ റൂം പണിയുന്നത്.

പുതിയ നിരവധി വികസന പദ്ധതികളുണ്ടെങ്കിലും ആശുപത്രിയിലെ സ്ഥലം ഇല്ലാത്താണ് വിലങ്ങ് തടിയായിട്ടുള്ളത്.

ഇപ്പോൾ പാലിയേറ്റീവ് യൂണിറ്റായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഒ.പി ആയി പ്രവർത്തിയ്ക്കുന്നുണ്ട്. ഇത് പഴയ കെട്ടിടമാണ്.ഇവിടെ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആക്കാനും പദ്ധതിയുണ്ടായിരുന്നു.

ആശുപത്രിയിലെ സ്ഥലപരിമിതി രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നുണ്ട്. വാഹനങ്ങളിൽ വരുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.

ജലജ

(ആശുപത്രിയിൽ ചികിത്സക്കായി വന്നത്)