പത്തനംതിട്ട: മരുന്നിനുപോലും വകയില്ലാതെ വയോജന കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ ക്ഷേമ പെൻഷൻ ചില ഗ്രാമ പഞ്ചായത്തുകൾ തടയുന്നു. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുമില്ല. മറ്റ് സ്ഥാപനങ്ങളുടെ സംരക്ഷണയിൽ കഴിയുന്നവർക്ക് ക്ഷേമ പെൻഷൻ കൊടുക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം ഗ്രാമ പഞ്ചായത്തുകളുടെ നിലപാട്. എന്നാൽ, ക്ഷേമ പെൻഷൻ നൽകുന്നതിന് തടസങ്ങളൊന്നുമില്ലെന്നാണ് വയോജന കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന സാമൂഹിക നീതി വകപ്പ് വ്യക്തമാക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ നാരങ്ങാനം, പളളിക്കൽ ഗ്രാമ പഞ്ചായത്തുകൾക്കു കീഴിലുളള വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളിൽ 21 പേരുടെ പെൻഷൻ തടഞ്ഞിട്ടുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില പഞ്ചായത്തുകളും ഇതേ നിലപാടിലാണ്. പഞ്ചായത്ത് ഡയറക്റേറ്റിൽ നിന്നുളള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് നാരങ്ങാനം പഞ്ചായത്തിലെ ജീവനക്കാർ പറയുന്നത്. എന്നാൽ, പെൻഷൻ തടയാനും അപേക്ഷകൾ തളളാനും സർക്കാർ ഉത്തരവില്ലെന്ന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നിലവിൽ കിട്ടാത്തവർക്ക് വയോജന കേന്ദ്രത്തിന്റെ മേൽവിലാസത്തിൽ ആധാറും ക്ഷേമ പെൻഷനും ലഭ്യമാക്കുന്നതിന് നടപടിയെടുക്കാമെന്നും പറയുന്നുണ്ട്. 2016 ജനുവരി 30ന് സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ മറ്റ് പെൻഷൻ വാങ്ങുന്നവർക്കും ക്ഷേമ പെൻഷന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
''സ്ഥാപനങ്ങളുടെ സംരക്ഷണയിൽ കഴിയുന്നവർക്കും ക്ഷേമ പെൻഷന് അർഹതയുണ്ട്. പെൻഷൻ അനുവദിച്ചുളള സർക്കാർ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ല. പരാതി ലഭിച്ചാൽ പരിശോധിക്കും.
-പി.ജയകുമാർ, ഒാർഫനേജ് കൺട്രോൾ ബോർഡ് പ്രൊബോഷണറി ഒാഫീസർ.
'' നേരത്തേ പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരുടേതും തടഞ്ഞിട്ടുണ്ട്. അവശരായ വയോജനങ്ങൾക്ക് മരുന്നും മറ്റും വാങ്ങുന്നതിനുളള തുക തടയുന്നത് ക്രൂരതയാണ്.
-രാജേഷ് തിരുവല്ല
ചെയർമാൻ, മഹാത്മ ജനസേവന കേന്ദ്രം അടൂർ.
സംസ്ഥാനത്തെ ആകെ വയോജന കേന്ദ്രങ്ങൾ 621
പുരുഷൻമാർ 8901
സ്ത്രീകൾ 8273