പത്തനംതിട്ട: പട്ടിക വർഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആന്റ് ഡെവലപ്‌​മെന്റ് സ്​കീം പ്രകാരമുള്ള സ്കോളർഷിപ്പിന് പട്ടികവർഗ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു. നാലാം ക്ലാസിൽ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് മാർച്ച് ഏഴിന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലുവരെ മത്സര പരീക്ഷ നടത്തും. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപെടുന്നവരും കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർത്ഥികൾക്കു മത്സര പരീക്ഷയിൽ പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു പഠനോപകരണങ്ങൾ, ഫർണിച്ചർ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷൻ നൽകുന്നതിനും ധനസഹായം നൽകും. ഇവയ്ക്കു പുറമേ 10​ാം ക്ലാസ് വരെയുള്ള പഠനത്തിനു പ്രതിമാസ സ്‌​റ്റൈപ്പന്റും ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, വയസ്, ആൺകുട്ടിയോ പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസും, സ്​കൂളിന്റെ പേരും വിലാസവും, അപേക്ഷകന്റെ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്​കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം റാന്നി തോട്ടമൺ എസ്.ബി.ഐയ്ക്ക് സമീപം പ്രവർത്തിക്കുന്ന റാന്നി ട്രൈബൽ ഡെവലപ്‌​മെന്റ് ഓഫീസിൽ ലഭ്യമാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോൺ: 04735 227703.