വല്ലന: കുട്ടികളിൽ വീടിനോടും സമൂഹത്തോടുമുളള ഉത്തരവാദിത്വം വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കളും അദ്ധ്യാപകരും ജാഗ്രത കാട്ടണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ.കെ.മോഹൻകുമാർ പറഞ്ഞു. വല്ലന ടി.കെ.ആർ.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കേരളകൗമുദിയും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധപൗർണമി ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടിലെയും സ്കൂളിലെയും ചെറിയ കാര്യങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കണം. ചെടിനനയ്ക്കൽ, പച്ചക്കറി പരിപാലിക്കൽ തുടങ്ങിയവ കുട്ടികളെ ഏൽപ്പിക്കുമ്പോൾ പ്രകൃതയെപ്പറ്റി കുട്ടികൾക്ക് ബോധമുണ്ടാകും. കുട്ടികളെ വായനയിലേക്ക് വഴി തിരിച്ചുവിടണം. വായന ലഹരിയായി വളർത്തിയെടുക്കുന്നതിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കുണ്ടെന്ന് മോഹൻകുമാർ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ സി.രതീഷ് ആമുഖപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് അനിൽ കൂടൽ പദ്ധതി വിശദീകരിച്ചു. എക്സൈസ് സിവിൽ പൊലീസ് ഒാഫീസർ ബിനു വർഗീസ് ക്ളാസെടുത്തു. പ്രിൻസിപ്പൽ അജം മുഹമ്മദ്, എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ എസ്.രേണു എന്നിവർ സംസാരിച്ചു.