18-naranammuzhi-ganithols
ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഗണിതോത്സവം രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

റാന്നി: പഠനകാലത്ത് വിദ്യാർത്ഥികൾക്ക് പൊതുവേ പ്രയാസകരമായ ഗണിതത്തെ മെരുക്കാൻ ഗണിതോത്സവവുമായി വിദ്യാഭ്യാസ വകുപ്പ്.ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ 1500 ലധികം കേന്ദ്രങ്ങളിലായി നടത്തുന്ന ഗണിതപഠനത്തിന്റെ പുതിയ രീതി ശാസ്ത്രത്തിനായുള്ള അന്വേക്ഷണവുമായിട്ടാണ് ഗണിതോത്സവങ്ങൾ നടക്കുക.നാറാണംമൂഴി പഞ്ചായത്തിലെ ഗണിതോത്സവകേന്ദ്രം ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടന്നത്.ഗണിതപഠനത്തെ എങ്ങനെ വിദ്യാർത്ഥിയുടെ പക്ഷത്തു നിന്നുകൊണ്ട് ആനന്ദകരമാക്കാം എന്നതും ഗണിത സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കുട്ടികളുടെ ആത്മവിശ്വാസവും അറിവും കഴിവും എങ്ങനെ വികസിപ്പിക്കാമെന്നുമുള്ള ജനകീയ അന്വേക്ഷണമായിട്ടാണ് ഗണിതോത്സവം നടപ്പാക്കുന്നത്.ഗ്രൂപ്പ് ചർച്ച,പ്രാക്റ്റിക്കൽ ക്ലാസുകൾ,നടത്തം,പതിപ്പ് നിർമാണം,വീട് പ്ലാൻ നിർമ്മാണം, ഒറിഗാമി,വ്യാപ്തം,സാന്ദ്രത,ഗണിത കളികൾ എന്നിവയാണ് ഗണിതോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഗണിതോത്സവം രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.പുഷ്‌ക്കലകുമാരി,പ്രഥമദ്ധ്യാപകൻ കെ.സുനിൽ,അദ്ധ്യാപകരായ ഷൈലു,സി.പി സുനിൽ, ബിനീഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ഗണിതോത്സവത്തിൽ ബി.ആർ.സി ട്രെയ്‌നർ ദീപ്തി,അദ്ധ്യാപകരായ എസ്.ഇന്ദു,ദീപാ ബെറ്റി,നിഷ,ജയശ്രീ എന്നിവർ ക്ലാസുകൾ നയിക്കും.