പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിപണനത്തിനായി കേന്ദ്രം നിർമ്മിക്കുന്നു. വീണാജോർജ്ജ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതിൽ അഞ്ച് കട മുറികളും സംഭരണ സംസ്‌കരണ കേന്ദ്രവും സ്ത്രീകൾക്ക് ശുചിമുറിയും വസ്ത്രം മാറാനുള്ള സൗകര്യവും അടക്കമാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
മൂന്നു മാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കുവാൻ ലക്ഷ്യംവയ്ക്കുന്ന കേന്ദ്രം പ്രവർത്തനക്ഷമമാകുന്നതോടെ പഞ്ചായത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന കാർഷികസംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങൾ എത്തിക്കുവാനും പായ്ക്കിംഗ് അടക്കമുള്ള വിപണന സാദ്ധ്യതാ കേന്ദ്രമായി ഇത് മാറും. നിലവിൽ കാർഷിക മേഖലയിൽ സജീവമായി 17 ഗ്രൂപ്പുകളും എട്ട് സംരംഭക ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ ഈ സാമ്പത്തിക വർഷം ആരംഭിക്കുന്ന 51 സംരംഭങ്ങളടങ്ങിയ മഴവിൽ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ കൂടി എത്തുതോടെ വിപണന കേന്ദ്രം സജീവമാകും.
വീണാജോർജ് എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ വി.കെ ഓമനകുട്ടൻ, സാലി ജേക്കബ്, ജോൺ വർഗീസ്, ശശിധരൻ പിളള, കെ.എൻ.രാജപ്പൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ശാന്തമ്മ രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
.