തിരുവല്ല: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ഇരവിപേരൂർ പഞ്ചായത്ത് സംഘടിപ്പിച്ച വിമുക്തി റാലി ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി. പഞ്ചായത്ത് സ്‌പോട്‌സ് കൗൺസിൽ, കുടുംബശ്രീ, യുവജനസംഘടനകൾ, സ്‌കൂൾ കുട്ടികൾ, റസിഡന്റ് അസോസിയേഷൻ എന്നിവയിൽ നിന്നായി മൂവായിരത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. കൂടാതെ എക്‌സൈസ്‌, പൊലീസ് സേനകളുടെ പങ്കാളിത്തവുമുണ്ടായി. നെല്ലാട് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ എൻ.കെ മോഹൻകുമാർ ഫ്‌ളാഗ് ഒഫ് ചെയ്തു. പ്ലാക്കാർഡുകളും ചെണ്ടമേളങ്ങളുമായി വർണാഭമായ റാലി സ്‌കൂളിൽ പ്രവേശിച്ചപ്പോൾ, മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ ഹരമായി. എക്‌സൈസിലെ സുധീഷാണ് അവതരിപ്പിച്ചത്. പ്രകാശ് വള്ളംകുളത്തിന്റെ നാടൻപാട്ടിലും ലഹരിവിരുദ്ധ സന്ദേശമായിരുന്നു. ആരോഗ്യ വകുപ്പ് തയാറാക്കിയ ചിത്രപ്രദർശനവും ശ്രദ്ധേയമായി. ബോധവത്ക്കരണ ശില്പശാല വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം രാജീവ് പിള്ള മയക്കുമരുന്ന്‌ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രസിഡന്റ് അനസൂയാദേവി അദ്ധ്യക്ഷയായ ഉദ്ഘാടന സമ്മേളത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.രാജീവ് എൻ, ഫാ.ദാനീയൽ വർഗീസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സജീവ്, എക്‌സൈസ് സിവിൽ ഓഫീസർ വേണുഗോപാൽ,വിവിധ സംഘടനകളെയും സ്ഥാപനങ്ങളേയും പ്രതിനിധീകരിച്ച് കെ.എൻ.രാജപ്പൻ,സാബു ജോസഫ്,രഞ്ചിനി ചെറിയാൻ, ദിലീപ് കുമാർ, അഭിലാഷ്, ടി എസ് ചാക്കോ,രാജൻ കെ വർഗ്ഗീസ്,സുനിൽ മറ്റത്ത്, സാബു ചക്കുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവരും സന്നിഹിതരായി.