പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 ൽ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാന പട്ടികയായി എടുത്തുകൊണ്ട് 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക ഈ മാസം 20ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടറാണ് ഇൗ കാര്യം അറിയിച്ചത്.
ഈ വോട്ടർ പട്ടികയിൽ ആക്ഷേപങ്ങൾ പരിഹരിക്കാനും പുതിയ അപേക്ഷകൾ നൽകാനും പേരുകൾ ചേർക്കാനും അവസരമുണ്ട്. ഇതിനായി ഫെബ്രുവരി 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടർപട്ടിക വിചാരണ നടത്തി അപ്‌ഡേറ്റ് ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 25. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഫെബ്രുവരി 28ന് ആകും. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ശബരിമല എ.ഡി.എം എൻ.എസ്.കെ ഉമേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.ഓമല്ലൂർ ശങ്കരൻ, ആർ.ജയകൃഷ്ണൻ, അലക്‌സ് കണ്ണമല, വാളകം ജോൺ, ജോൺ എസ് യോഹന്നാൻ, നൗഷാദ് കണ്ണങ്കര, അഡ്വ.പി.സി ഹരി, എസ്.മുഹമ്മദ് അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണം. വോട്ടർപട്ടികയിൽ ഉണ്ടായേക്കാവുന്ന ചെറിയ തെറ്റുകൾ പർവതീകരിച്ച് കാണിക്കരുത്.
പി.ബി നൂഹ്
ജില്ലാ കളക്ടർ
ഫെബ്രുവരി 14: പുതിയ വോട്ടറെ ചേർക്കാം
ഫെബ്രുവരി 25. പട്ടിക അപ്ഡേറ്റ് ചെയ്യാം
ഫെബ്രുവരി 28: അന്തിമ പട്ടിക പ്രസിദ്ധീകരിക്കും