ഇളമണ്ണൂർ: വിഷവിമുക്ത പച്ചക്കറി ലഭ്യമാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിക്ക് 20 ന് ജില്ലയിൽ തുടക്കമാകും. പരമ്പരാഗത പച്ചക്കറിവിത്തിനങ്ങൾ, എല്ലാ വീട്ടിലും കറിവേപ്പില, പപ്പായ, മുരിങ്ങ, പലതരം ചീരകൾ വളർത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. അടൂർ നഗരസഭ, പള്ളിക്കൽ, കടമ്പനാട്, ഏറത്ത്, ഏനാദിമംഗലം, കൊടുമൺ, കലഞ്ഞൂർ എന്നീ പഞ്ചായത്തുകളിലെ വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ സാദ്ധ്യതയുള്ള എല്ലാ പൊതു -സ്വകാര്യ സ്ഥാപനങ്ങളലും പച്ചക്കറി കൃഷി ചെയ്യാനും നിർദേശമുണ്ട്. ജനുവരി 31ന് മുൻപായി വീടുകളിൽ പച്ചക്കറി തോട്ടം ഒരുക്കുന്നതിനുള്ള നടപടികൾ കൃഷി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഒരു ലക്ഷം തൈകൾ ഉത്പ്പാദിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി

മാതൃകയാക്കണം

ജീവനി പദ്ധതിക്ക് മാതൃകയാകാൻ ജില്ലയിലെ ജനപ്രതിനിധികൾ സ്വന്തം വീടുകളിൽ മാതൃക പോഷകപ്രദർശന കൃഷിത്തോട്ടം ഒരുക്കണമെന്ന നിർദ്ദേശമുണ്ട് . ജില്ലയില 16 ബ്ലോക്ക് പഞ്ചായത്തഗംങ്ങൾ, 132 നഗരസഭാംഗങ്ങൾ, 788 ഗ്രാമസഭാംഗങ്ങൾ എന്നിവരാണ് ആദ്യം മാതൃക കൃഷിത്തോട്ടം ഒരുക്കേണ്ടത്.

ലക്ഷ്യങ്ങൾ

ഭൗമസൂചിക പദവി ലഭിച്ച വിത്തുകൾ ഉൾപ്പെടെ 100 പരമ്പരാഗത പച്ചക്കറി വിത്തിനങ്ങൾ തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുക, ഗ്രാമ, ബ്ലോക്ക് , ജില്ലാതലത്തിൽ പ്രത്യേക കാമ്പയിനുകൾ സംഘടിപ്പിക്കുക, കൃഷിപാഠശാല എന്ന പേരിൽ പരിശീലനവും ബോധവത് കരണവും, വീട്ടുവളപ്പ്, മട്ടുപ്പാവ് എന്നിവിടങ്ങളിൽ പച്ചക്കറികൾ, മഴമറകൾക്ക് പ്രോത്സാഹനം തുടങ്ങി നിരവധി കാര്യങ്ങൾ പദ്ധതിയിലുണ്ട്. 50 ഹെക്ടറിൽ കൂടുതൽ പച്ചക്കറി കൃഷിയുള്ള പഞ്ചായത്തുകളെ ജീവനി പച്ചക്കറി ഗ്രാമമായും 500 ഹെക്ടറിൽ കൂടുതൽ ഉള്ള ബ്ലോക്കുകളെ ജീവനി ഹരിത ബ്ലോക്കുകളായും 10 ഹെക്ടറിൽ കൂടുതലുള്ള നഗരസഭകളെ ജീവനി ഹരിത നഗരമായും നാമകരണം ചെയ്യും.

ജില്ലാതല ഉദ്ഘാടനം 20ന് ഏനാദിമംഗലത്ത്

ജീവനി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 20ന് രാവിലെ ഒൻപതിന് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.ബി.രാജീവ് കുമാറിന്റെ വീട്ടിലെ പോഷക പ്രദർശന പച്ചക്കറിത്തോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്യും.