പത്തനംതിട്ട:വേനൽക്കാലത്ത് കുടിവെളളം കിട്ടാക്കനിയാകുന്ന പൂവൻപാറ പ്രദേശവാസികൾക്ക് ആശ്വസിക്കാം,പൂവൻപാറ ശുദ്ധജല പദ്ധതി യാഥാർത്ഥ്യമായാൽ.35ലക്ഷം രൂപ ചെലവിൽ നഗരസഭ നടപ്പാക്കുന്ന കുടിവെളള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് മേലേവെട്ടിപ്രം പാറൽ ഭാഗത്ത് നഗരസഭ അദ്ധ്യക്ഷ റോസ് ലിൻ സോന്തോഷ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് പൂവൻപാറ.കുടിവെളള പദ്ധതിക്കായി മൂന്ന് മീറ്റർ വിസ്താരത്തിൽ കിണർ നിർമ്മാണം പൂർത്തിയായി. 20 അടി താഴ്ചയിലെത്തിയപ്പോൾ വലിയ ഉറവകളിൽ നിന്ന് കിണറ്റിൽ വെളളം ലഭിച്ചു.തൊഴിലുറപ്പ് തൊഴിലാളുകളാണ് കിണർ നിർമ്മിച്ചത്.പദ്ധതി നിർമ്മാണം പൂർത്തിയായാൽ പൂവൻപാറ,വിളയിൽ ഭാഗം പ്രദേശത്തെ 250 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും.വേനൽക്കാലത്ത് അവർക്ക് മലമുകളിലേക്ക് വെളളം ചുമക്കേണ്ടിവരില്ല.കിലോമീറ്ററുകൾ നടന്നാണ് വേനൽക്കാലത്ത് പ്രദേശവാസികൾ വെളളം ശേഖരിക്കുന്നത്.നഗരസഭ ഇവിടെ ടാങ്കറുകളിൽ വെളളം എത്തിക്കാറുണ്ടെങ്കിലും നാട്ടുകാരുടെ ആവശ്യങ്ങൾക്ക് തികയില്ല.
ആദ്യഘട്ടത്തിൽ 12 ടാപ്പുകളിൽ വെള്ളം
കുടിവെളള പദ്ധതി പൂർത്തിയായ ശേഷം ആദ്യ ഘട്ടമായി 12 പൊതുടാപ്പുകൾ വഴി വെളളം എത്തിക്കും.വാഹക്കൂട്ടം പട്ടിക വർഗ കോളനിയിൽ രണ്ട് ടാപ്പ് സ്ഥാപിക്കും.കിണർ നിർമ്മിക്കുന്നതിന് ഒരു സെന്റ് സ്ഥലം സൗജന്യമായി നൽകിയത് ദാറുൽ റഹ്മത്തിൽ അബ്ദുൾ ഹമീദ് കുഞ്ഞാണ്. വൈദ്യുതി,പൈപ്പ് ലൈനുകൾ വലിക്കുന്നതിനുളള സ്ഥലം താന്നിക്കുഴിയിൽ അന്നമ്മ ജോയി സൗജന്യമായി നൽകി. ഇരുവരെയും ഇന്നത്തെ ചടങ്ങിൽ ആദരിക്കും.രജനി പ്രദീപ് ചെയർപേഴ്സനായിരുന്ന കാലത്താണ് പൂവൻപാറ കുടിവെളള പദ്ധതിക്ക് തുക അനുവദിച്ചത്.സാങ്കേതിക അനുമതി വൈകിയത് കാരണം തുക ലാപ്സായതായി കൗൺസിലർ സജിനി മോഹൻ പറഞ്ഞു.ഗീതാ സുരേഷ് ചെയർപേഴ്സനായിരുന്ന കാലത്ത് പദ്ധതിക്ക് വീണ്ടും തുക അനുവദിച്ചതാണ് ഇപ്പോൾ നിർമാണ ഘട്ടത്തിലെത്തിയത്.
പ്രദേശവാസികളുടെ വർഷങ്ങളായുളള ദുരിതത്തിനാണ് പരിഹാരമാകുന്നത്.താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെളളം ചുമന്നുകൊണ്ട് കയറേണ്ട കഷ്ടപ്പാട് ഇനിയുണ്ടാവില്ല.
സജിനി മോഹൻ
(വാർഡ് കൗൺസിലർ)
-പൂവൻപാറ ശുദ്ധജല പദ്ധതി നിർമ്മാണം ഉദ്ഘാടനം ഇന്ന്
-പത്തനംതിട്ട നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശം
-35ലക്ഷത്തിന്റെ പദ്ധതി
-250 കുടുംബങ്ങൾക്ക് കുടിവെളളം കിട്ടും
-കുടിവെള്ളത്തിനായി മൂന്ന് മീറ്റർ വിസ്താരത്തിൽ കിണർ നിർമ്മാണം
-പൂർത്തിയാക്കിയത് തൊഴിലുറപ്പ് തൊഴിലാളികൾ