19-mis-kerala

തണ്ണിത്തോട്: കല്ലാറ്റിൽ ഒരു കാലത്ത് വ്യാപകമായി കണ്ടിരുന്ന മത്സ്യമായ മിസ് കേരള വംശനാശ ഭീഷണിയിൽ. വിഷം കലർത്തിയുള്ള മീൻപിടിത്തവും ആവാസവ്യവസ്ഥയിലുണ്ടായ മലിനീകരണവുമാണ് കല്ലാറ്റിൽ വംശനാശ ഭീഷിണിക്ക് കാരണമായതെന്നാണ് കരുതുന്നത്. നദിയുടെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന 15 സെന്റീമീറ്റർ വരെ നീളമുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിലെ ചുവന്ന വരയാണിതിനെ സുന്ദരിയാക്കുന്നത്. 'പുണ്ട യസ് ഡെനിസോ' എന്നാണ് ശാസ്ത്രനാമം. ചില സ്ഥലങ്ങളിൽ ഇത് ചെങ്കണ്ണിയാൻ എന്നും അറിയപ്പെടുന്നു. സംസ്ഥാനത്തെ നദികളിൽ നിന്ന് പ്രതിവർഷം 50,000 മിസ് കേരള മത്സ്യങ്ങളെ അലങ്കാര മത്സ്യ വിപണയിലേക്ക് കടത്തുന്നതായി കണ്ടെത്തിയിരുന്നു. പ്രത്യേക തരം കവറുകളിൽ വെള്ളം നിറച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ചാൽ ജോഡിക്ക് 1500 രൂപ വരെ വില ലഭിക്കും. അലങ്കാര മത്സ്യ വിപണിയിലെ കേരളത്തിന്റെ തനത് മത്സ്യം കൂടിയാണിത്.

പറങ്കിമാവിനുപയോഗിക്കുന്ന കീടനാശിനി വെള്ളത്തിൽ കലർത്തുമ്പോൾ നദിയിലെ വെള്ളമൊഴുകുന്ന ഭാഗങ്ങളിലെ എല്ലാ ജീവജാലങ്ങളും ചത്ത് തീരത്തടിയും. ഇങ്ങനെയാണ് കല്ലാറ്റിൽ മിസ് കേരളയും അപ്രത്യക്ഷമായത്.

കല്ലാറിന്റെ ഉത്ഭവസ്ഥാനം മുതൽ ഏഴാംന്തല, തണ്ണിത്തോട്, അടവി , പേരുവാലി, കൊച്ചു തടിപന, വലിയതടിപന, കുറുവ , ചേറുവാള, മക്കുവള്ളി, കടവുപുഴ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഒരു കാലത്ത് ഈ മത്സ്യം സുലഭമായി വളർന്നിരുന്നു.

2001 വരെ കല്ലാറ്റിൽ ധാരാളമായി മിസ് കേരള മത്സ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുകയാണ്.

ചിറ്റാർ ആനന്ദൻ,

പരിസ്ഥിതി പ്രവർത്തകൻ

വില: ജോഡിക്ക് 1500 രൂപ വരെ