പത്തനംതിട്ട : ദേശീയ പോളിയോ നിർമ്മാർജനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോന്നിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. കോന്നി താലൂക്ക് ആശുപത്രിയിൽ രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അദ്ധ്യക്ഷത വഹിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുളള 973 പോളിയോ ബൂത്തുകളിൽ നിന്ന് അഞ്ചുവയസു വരെയുളള കുട്ടികൾക്ക് വാക്സിൻ നൽകും. വാക്സിനുകൾ, ടാലി ഷീറ്റുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ തുടങ്ങിയവ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എത്തിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ബൂത്ത് വോളണ്ടറിയർമാർക്ക് പരിശീലനം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ പറഞ്ഞു.
ജില്ലയിൽ അഞ്ചു വയസുവരെയുളള 71,622 കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണു ലക്ഷ്യമിടുന്നത്. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ 470 കുട്ടികൾക്കും വാക്സിൻ നൽകും.
സർക്കാർ ആശുപത്രികൾ, സബ് സെന്ററുകൾ, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, സ്കൂളുകൾ, അങ്കണവാടികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണു പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. ആദിവാസി മേഖലകൾ, എത്തിച്ചേരാൻ പ്രയാസമുളള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കായി 11 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.