തിരുവല്ല: ജനക്ഷേമകരമായ പദ്ധതികളോ ദീർഘവീക്ഷണത്തോടെയുള്ള സംരംഭങ്ങളോ പ്രഖ്യാപിക്കാതെ തിരുവല്ല നഗരസഭയുടെ ശതാബ്ദി വെറും ആഘോഷമാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ജില്ലയിലെ പഴക്കമേറിയതും ജനസംഖ്യയിലും വലുപ്പത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്നതുമായ തിരുവല്ല നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾ മാതൃകയായും സ്മരണീയമായും പൂർത്തിയാക്കണമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.എന്നാൽ തട്ടിക്കൂട്ട് പരിപാടിയായി ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നു. 2020ൽ ശതാബ്ദി വർഷമായി ആഘോഷിക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ആസൂത്രണമോ നയരൂപീകരണമോ വിലയിരുത്തലോ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.നൂറുവർഷം പൂർത്തിയാക്കുന്ന നഗരസഭാ ഇക്കാലയളവിൽ എന്തുനേടി എന്ന ചോദ്യമാണ് ഈ സന്ദർഭത്തിൽ ഉയരേണ്ടത്. സ്വന്തമായി വീടില്ലാത്തവരും ശുദ്ധജലം കിട്ടാത്തവരുമൊക്കെ നഗരസഭയിൽ ഏറെയുണ്ട്. റോഡുകളും പാലങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വളരെ പിന്നിലാണ്.സ്വന്തം സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ പൂർത്തിയാക്കാൻപോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.അങ്കണവാടികൾ മുതൽ ആതുരാലയങ്ങൾ വരെയുള്ളവ പരിതാപകരമാണ്.നഗരസഭയുടെ നേതൃത്വത്തിൽ പണം ചെലവഴിച്ചു സ്ഥാപിച്ച എന്തെങ്കിലും മെച്ചപ്പെട്ട നിലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ?നഗരസഭാ ഓഫീസിന്റെ ഗുണനിലവാരം,പ്രവർത്തനങ്ങൾ,കാര്യക്ഷമത എന്നിവ ഇങ്ങനെ നഗരവാസികൾക്ക് അറിയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.ശതാബ്ദി വർഷത്തിൽ ഇക്കാര്യങ്ങളെല്ലാം വിലയിരുത്താനും മെച്ചപ്പെടുത്താനും അധികൃതർ തയാറാകണം.

കൗൺസിലർമാർ പകുതിപോലുമില്ല


ഇന്നലെ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പകുതിയിലേറെ കൗൺസിലർമാർ സമയത്തിനെത്തിയില്ല. സാമൂഹിക,സാംസ്ക്കാരിക,രാഷ്ട്രീയ രംഗങ്ങളിലെ കുറേപ്പേരെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു യോഗം പിരിഞ്ഞു.ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സമയക്രമം ലഭിച്ചശേഷം ആഘോഷത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വലിയ പദ്ധതികൾക്കൊന്നും പ്രസക്തിയില്ലെന്നുമാണ് ചെയർമാൻ വ്യക്തമാക്കുന്നത്.ഒരുവർഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും സമാപനവും നടത്താനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ നഗരസഭയുടെ ഫണ്ട് ചെലവഴിക്കാതെ മറ്റുവഴികളിലൂടെ ഫണ്ട് കണ്ടെത്തി ആഘോഷങ്ങൾ നടത്തണമെന്ന് പ്രതിപക്ഷ മെമ്പർ രാധാകൃഷ്ണൻ വേണാട്ട് യോഗത്തിൽ സൂചിപ്പിച്ചു.

99ൽ 100 ആഘോഷിക്കാമോ ?


തിരുവല്ല നഗരസഭാ രൂപീകരണം 1920 ആഗസ്റ്റ് 10 ആണെന്ന് നഗരസഭയുടെ രേഖകളിൽ വ്യക്തമാക്കുന്നു.ഇതുപ്രകാരം നഗരസഭയ്ക്ക് ഇപ്പോൾ 99വയസാണ്.വിപുലമായ പരിപാടികളും പദ്ധതികളുമായി ശതാബ്ദി ആഘോഷം അടുത്ത ആഗസ്റ്റിലല്ലേ നടത്തേണ്ടത് എന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യങ്ങളിൽ ചരിത്രരേഖകൾ ലഭ്യമല്ലെന്നാണ് നഗരസഭയുടെ വിശദീകരണം.