പത്തനംതിട്ട: പത്തോളം കുടുംബങ്ങൾ താമസിക്കുന്ന പട്ടികജാതി കോളനിയിലേക്കുള്ള വഴി വ്യക്തി കൈയേറി തടസപ്പെടുത്തിയെന്ന് പരാതി. ഏഴംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുതുമല ചേർക്കോട് ശ്രീചിത്തിര പട്ടികജാതി കോളനിയിലേക്കുള്ള റോഡ് കൈയേറി സമീപത്തെ വസ്തു ഉടമ സർവേക്കല്ല് സ്ഥാപിച്ചെന്ന് കോളനിവാസികളായ ഷൈനി പ്രദീപ്, എസ്. ഉഷ, ശാന്ത, എൽ. സജിനി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2012 ൽ പ്രദേശവാസികളും സമീപവാസികളും ചേർന്ന് വസ്തു വിട്ടുനൽകിയാണ് കോളനിയിലേക്ക് നാലു മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ചിരുന്നത്. റോഡ് കടന്നു പോകുന്ന ഒരു ഭാഗത്ത് വ്യക്തി തോട് പുറമ്പോക്ക് കൈയേറിട്ടുണ്ടായിരുന്നു. കോളനിവാസികൾ പട്ടിക ജാതി കമ്മിഷനിൽ പരാതി നൽകിയതിനെ തുടർന്ന് താലൂക്ക് സർവേയർ സർവേ നടത്തി പുറമ്പോക്ക് കൈയേറ്റം കണ്ടെത്തി 15 സർവേ കല്ലുകളും സ്ഥാപിച്ചിരുന്നു. അടുത്തിടെ സമീപ വസ്തു ഉടമ ഈ കല്ലുകൾ ഇളക്കി മാറ്റി. ഇതിനെതിരേ പരാതിപ്പെട്ടപ്പോൾ വ്യക്തി സ്വന്തം നിലയിൽ മറ്റൊരു സർവേയറെ കൊണ്ടു വന്ന് അളന്ന് റോഡിന് മദ്ധ്യത്തിലായി സർവേ കല്ലുകൾ സ്ഥാപിച്ച് വഴി തടസപ്പെടുത്തുകയായിരുന്നു. ഇതിനെതിരേ പ്രദേശവാസികൾ അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നേരത്തേ കോളനി പ്രദേശത്ത് താമസിച്ചിരുന്ന വ്യക്തിയാണ് കൈയേറ്റം നടത്തിയിരിക്കുന്നത്. ഇയാൾ വേറെ സ്ഥലം വാങ്ങി സ്വന്തമായി വീടു വച്ചതിന് ശേഷമാണ് കോളനിയിലേക്കുള്ള വഴി തടസപ്പെടുത്തിയതെന്നും പറയുന്നു.