വെണ്ണിക്കുളം : പുല്ലാട് -മല്ലപ്പള്ളി റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഇന്ന് തുടങ്ങും. രണ്ടാഴ്ചയ്ക്ക് ശേഷമേ റോഡ് നവീകരണം ആരംഭിക്കു. 12.64 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. കൊല്ലം ദേശീയ പാത അതോറിട്ടിക്കാണ് നിർമ്മാണ ചുമതല. പുല്ലാട് മുതൽ മല്ലപ്പള്ളി ഹൈസ്കൂൾ പടി വരെയുള്ള 13 കിലോ മീറ്റർ ഭാഗമാണ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നത്.
നിരവധി സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവ ഇൗ ഭാഗത്തുണ്ട്. റോഡിന്റെ ശോച്യാവസ്ഥകാരണം വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. തകർന്നുകിടക്കുന്നതിനാൽ ഇതുവഴി ഏറെ ബുദ്ധിമുട്ടായാണ് വാഹനങ്ങൾ പോകുന്നത്. മക്കിട്ട് കുഴികൾ നികത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ നിറയെ പൊടിയായി വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണ്.
മൂന്ന് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കൊല്ലം ദേശീയ പാത അധികൃതർ അറിയിച്ചു.
------------
2 വർഷം മുമ്പെടുത്ത തീരുമാനം
ദേശീയപാത നിലവാരത്തിൽ റോഡ് ബി.എം.ബി.സി ചെയ്ത് പുനർനിർമ്മിക്കാൻ തീരുമാനമായിട്ട് രണ്ട് വർഷമായി. ജല അതോറിട്ടി പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ടാണ് പണി താമസിച്ചത്. ഇതിന്റെ പേരിൽ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കളക്ടർ ഇടപ്പെട്ടാണ് തുടർ നീക്കങ്ങൾ നടത്തിയത്.