കോന്നി: തണ്ണിത്തോട് പ്ലാന്റേഷൻ തേക്കുതോട് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി എഴുപത്തി ഏഴ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡ് പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണ്..ഡി.ബി.എം.ടി (ഡിസൈൻ, ബിൽഡ്, മെയിന്റയിൻ ആന്റ് ട്രാൻസ്ഫർ ) മോഡിലാണ് പുന:ർ നിർമ്മാണം. 15 വർഷത്തെ തുടർ സംരക്ഷണവും കരാറുകാരന്റെ ചുമതലയാണ്.
15 വർഷമായി തകർന്നു കിടക്കുന്ന റോഡിൽ കൂടി യാത്ര ദുരിതപൂർണമാണ്. നിരവധി അപകടങ്ങൾ റോഡിന്റെ തകർച്ച മൂലം ഉണ്ടായിട്ടുണ്ട്. തേക്കുതോട്, കരിമാൻതോട്, തൂമ്പാക്കുളം, മൂർത്തി മൺ, ഏഴാംതല, മണിമരുതിക്കൂട്ടം, പൂച്ചക്കുളം നിവാസികൾ ജില്ലാ, താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടാൻ ഈ റോഡാണ് ഉപയോഗിക്കുന്നത്. ആലുവാംകുടി ശിവക്ഷേത്രത്തിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഈ റോഡുവഴി എത്തുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ പ്ലാന്റേഷൻ ഓഫീസ് പടിക്കൽ നടന്നിട്ടുണ്ട്. 2018ലെ പ്രകൃതിക്ഷോഭത്തിനു ശേഷമുള്ള പുന:രധിവാസ, പുന:ർ നിർമ്മാണ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ റീ ബിൽഡ് കേരളയിലൂടെ നടപ്പിലാക്കുന്നത്.