പത്തനംതിട്ട : ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ ആരോഗ്യപ്രവർത്തകരും ജാഗ്രതയിലാണ്. ജില്ലയിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ ചൈനയിൽ എം.ബി.ബി.എസ് പഠനത്തിന് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരികെ എത്തുന്നവരെ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. ചൈനയിലെ വൂഹാൻ, ഷെൻഷെൻ മേഖലയിലാണ് വൈറസ് കണ്ടെത്തിയത്. ജില്ലയിലെ കുട്ടികൾ ഈ മേഖലയിൽ പഠിക്കുന്നില്ലെന്നാണ് വിവരം. എന്നാൽ ഇന്ത്യക്കാരായ നിരവധി കുട്ടികളും മറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും ഇവിടുണ്ട്. ചൈനയിൽ ഇപ്പോൾ പുതുവത്സര ആഘോഷത്തിന്റെ അവധി ആയതിനാൽ നിരവധി പേർ നാട്ടിലെത്തുന്നുണ്ട്. വൈറസ് കണ്ടെത്തിയതിന് ശേഷവും നിരവധിയാളുകൾ എത്തി. സംസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തുമ്പോഴെ ആരോഗ്യവകുപ്പ് അതാത് സ്ഥലത്തെ ഡി.എം.ഒ ഓഫീസിന് നിർദേശങ്ങൾ നൽകും. തായ്ലൻഡിലും ജപ്പാനിലുമെത്തിയ ചൈനക്കാരിൽ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങളിലും ജാഗ്രതാ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ഇന്ത്യക്കാരിയായ പ്രീതി മഹേശ്വരി എന്ന അദ്ധ്യാപികയിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇവർ ചികിത്സയിലാണ്.

കേരളത്തിൽ വൈറസ് ബാധ തിരിച്ചറിയാൻ സാഹചര്യമില്ലാത്തതിനാൽ സാമ്പിളുകൾ ശേഖരിച്ച് പൂനൈ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയാണ്.

ലക്ഷണങ്ങൾ

പനിയും ശ്വാസ തടസവുമാണ് പ്രധാന ലക്ഷണങ്ങൾ. 2002ൽ ചൈനയിലും ഹോങ്കോംഗിലുമുണ്ടായ സാർസ് പക്ഷിപനി വരെ കൊറോണ വൈറസ് മൂലം ഉണ്ടാകാം. സാർസ് രോഗത്തിൽ നിരവധി പേർ മരിച്ചിരുന്നു. സാർസ് ഇനത്തിൽപ്പെട്ട വൈറസ് ആണ് കൊറോണ എന്നാണ് സൂചന.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണിത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിലും വളരെ പതുക്കെയും പടരുന്ന വൈറസാണിത്.

പന്നി, കന്നുകാലികൾ, പൂച്ച, നായ എന്നിവയിലും വൈറസ് ബാധയുണ്ടാകാം.

"കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജാഗ്രതാ നി‌ർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ പഠിക്കുന്ന നിരവധി കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. "

ആരോഗ്യ വകുപ്പ് അധികൃതർ