പത്തനംതിട്ട: പഴുത്തുണങ്ങി ചെടികൾ നശിക്കുന്നതിനൊപ്പം വിലയും ഇടിഞ്ഞതോടെ കുരുമുളക് കൃഷി നഷ്ടത്തിലായി . കഴിഞ്ഞ വർഷം ഇതേസമയം കായ്ച്ചിരുന്ന കുരുമുളക് ചെടികളിൽ ഇത്തവണ തിരികൾ ഉണങ്ങി കറുത്ത് കൊഴിഞ്ഞു വീഴുകയാണ്. ഉണങ്ങിയ കുരുമുളകിന് കിലോയ്ക്ക് 800രൂപ വരെയായിരുന്നു മുമ്പ് വില. ഇത്തവണ നാനൂറിൽ താഴെയായി. പച്ചക്കുരുമുളകിന് 90 - 95രൂപ വരെയേയുള്ളു. കഴിഞ്ഞ വർഷം 150 - 200 രൂപ വരെ കിട്ടിയിരുന്നു. പഴുത്തുണങ്ങിയ തിരികളിൽ നിന്നുളള മുളകിന് വില ലഭിക്കുന്നില്ല. മുമ്പ് ഒരു വർഷം പതിനയ്യായിരം രൂപയ്ക്ക് വരെ കുരുമുളക് വിറ്റിരുന്ന കർഷകർ ജില്ലയുടെ മലയോര മേഖലയിലുണ്ട്. ഇത്തവണ ഇവരിൽ മിക്കവർക്കും അയ്യായിരം രൂപയ്ക്ക് മുകളിൽ ലഭിച്ചില്ല. കുരുമുളക് തിരികൾ ഉണങ്ങിയതിനാൽ ഇനി വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് കർഷകർ പറയുന്നത്. ശക്തമായ വേനൽമഴ ലഭിച്ച് വീണ്ടും തിരികൾ പൊട്ടിയാൽത്തന്നെ മുളക് പറിക്കണമെങ്കിൽ പിന്നെയും മാസങ്ങൾ വേണ്ടിവരും.
-------------
> ചെടികളിൽ രോഗബാധ
കുരുമുളക് ചെടിയിൽ പൂപ്പൽ ബാധിച്ചതാണ് വിനയായത്. കൃഷിഭവനുകളിൽ നിന്നും മറ്റും ലഭിച്ച ചെടികളുടെ ഗുണനിലവാരമില്ലായ്മ കാരണമാണിതെന്ന് കർഷകർ പറയുന്നു. കരിമുണ്ട, കോട്ട, നാരായക്കൊടി എന്നിവയാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. വെളളിയറമുണ്ട, ചുമല തുടങ്ങിയവയും മലയോര മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്.
> പറിച്ചെടുക്കാൻ ആളില്ല
കുരുമുളക് പറിക്കുന്നവരെ കിട്ടാനില്ലാത്തത് കർഷകർക്ക് മറ്റൊരു പ്രതിസന്ധിയായി. വളളികൾ പടർന്നു കയറിയ മരങ്ങളിൽ നീറും ഉറുമ്പും കൂടുന്നത് കാരണം മരങ്ങളിൽ കയറാൻ തൊഴിലാളികൾ മടിക്കുന്നു. കൂലി കൂട്ടിവാങ്ങി മരത്തിൽ കയറാനെത്തുന്നവരുമുണ്ട്. ഇവർ ഒരു ദിവസത്തേക്ക് ആയിരം രൂപ വരെ ചോദിക്കുന്നു.
>>
കുരുമുളക് കൃഷിയിൽ നിന്ന് ഇത്തവണ പ്രതീക്ഷിച്ച വരവില്ല. ചെടിയുടെ ഗുണനിലവാരം ഇല്ലായ്മയും പൂപ്പൽ ബാധയുമാണ് പ്രശ്നം സൃഷ്ടിച്ചത്. പഴുത്തുണങ്ങിയ തിരികളിലെ മുളകിന് വില ലഭിക്കുന്നില്ല.
സീതത്തോട് മോഹനൻ, കർഷകൻ.